പെരുന്നാളിന് വസ്ത്രം വാങ്ങാൻപോയ സമയത്ത് വീട് കുത്തിത്തുറന്ന് കവർച്ച;ചന്തേരയില്‍ 22 പവൻ മോഷ്ടിച്ചു

Gold stolen
Gold stolen

പിലിക്കോട്: കാസര്‍കോട് ചന്തേരയില്‍ വീട് കുത്തിത്തുറന്ന് 22 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. ജോളി ക്ലബിന് സമീപത്തെ എം.കെ. ജുസീലയുടെ വീട്ടിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിനും രാത്രി 10-നുമിടയില്‍ കവര്‍ച്ച നടന്നത്. ജുസീല ബന്ധുക്കളോടൊപ്പം പെരുന്നാളിന് വസ്ത്രം വാങ്ങാന്‍ പയ്യന്നൂരില്‍ പോയി തിരിച്ചുവന്നപ്പോള്‍ വീട് തുറന്നിട്ട നിലയിലായിരുന്നു.

tRootC1469263">


അലമാരയിലെ സാധനങ്ങളെല്ലാം വാരിവലിച്ച് പുറത്തിട്ടിരുന്നു. ആഭരണങ്ങള്‍ സൂക്ഷിച്ച പെട്ടികള്‍ തുറന്നനിലയിലും. നെക്ലേസ്, വള, മോതിരം, കൈച്ചെയിന്‍, കമ്മല്‍ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. ജുസീലയുടെ പരാതിയില്‍ ചന്തേര പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാര്‍കോട്ടുനിന്ന് വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.

വെള്ളിയാഴ്ച കനത്ത മഴയായിരുന്നു. നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടങ്ങി. അടുത്തകാലത്ത് ജയിലില്‍നിന്ന് പുറത്തിറങ്ങിയവരുടെ പട്ടിക പരിശോധിച്ച് ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. സബ് ഇന്‍സ്പെക്ടര്‍ കെ.പി. പ്രശാന്തിനാണ് അന്വേഷണച്ചുമതല.
 

Tags