ഹോട്ടല്‍ ഉടമയുടെ കൊലപാതകം : ഞെട്ടല്‍ മാറാതെ വല്ലപ്പുഴ

പാലക്കാട്: ഹോട്ടല്‍ ഉടമ സിദ്ധിഖിനെ കൊലപ്പെടുത്തിയ കേസില്‍ വല്ലപ്പുഴ സ്വദേശികള്‍ പോലീസ് പിടിയിലായ വാര്‍ത്തയുടെ ഞെട്ടലിലാണ് വല്ലപ്പുഴക്കാര്‍. വല്ലപ്പുഴ സ്വദേശികളായ ഷിബില്‍ (22), ആഷിഖ്(23) എന്നിവരാണ് പിടിയിലായത്. നാടും വീടുമായി ഇവര്‍ക്ക് വലിയ ബന്ധമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇരുവരും നിരവധി കേസുകളിലെ പ്രതികളാണ്.
ഇവര്‍ക്കൊപ്പുമുണ്ടായിരുന്ന പെണ്‍സുഹൃത്ത് ഫര്‍ഹാനയുടെ പരാതിയില്‍ ഷിബിലിനെതിരെ 2021ല്‍ ചെര്‍പ്പുളശ്ശേരി പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ആഷിഖ് പട്ടാമ്പി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തിയാണ്. ആഷിഖിനെതിരെ 107 സി.ആര്‍.പി.സി. പ്രകാരം പട്ടാമ്പി പോലീസ് ഒറ്റപ്പാലം സബ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തൃത്താലയിലും ഇയാള്‍ക്കെതിരെ കേസുളളതായാണ് വിവരം. വല്ലപ്പുഴ പഞ്ചായത്തിലെ ചെറുകോട് സ്വദേശിയാണ് ഷിബില്‍. ആഷിഖ് വല്ലപ്പുഴയിലെ മേച്ചരിയിലാണ് താമസം. ഉമ്മയും സഹോദരനുമാണ് വീട്ടിലുളളത്. തോന്നിയ പോലെ ജീവിക്കുന്ന ആഷിഖുമായി വലിയ അടുപ്പമില്ലെന്ന് സഹോദരന്‍ വ്യക്താക്കി. കഴിഞ്ഞ ദിവസം രാവിലെയാണ് ആഷിഖ് വീട്ടില്‍ നിന്നും പോയതെന്ന് മാതാവ് പറഞ്ഞു. പിന്നിട് ഫോണ്‍ ഓഫായി. ഷിബില്‍, ഫര്‍ഹാന എന്നീ സുഹൃത്തുകള്‍ ഉളളതായി അറിയില്ല. കൊലപാതകം നടന്ന ദിവസം മകന്‍ വീട്ടിലുളളതായി ഓര്‍ക്കുന്നില്ലെന്നും വീട്ടുകാര്‍ സൂചിപ്പിച്ചു.