ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം; നടന്നത് കടുത്ത നിയമലംഘനം
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ മുന്‍പ് അടച്ചിട്ട കെട്ടിടമാണ് യാതൊരു അനുമതിയും കൂടാതെ കഴിഞ്ഞവര്‍ഷം മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിച്ചത്.
സത്യനികേതനില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ഡെയ്‌സ് ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം ആറായി ഉയര്‍ന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ മുന്‍പ് അടച്ചിട്ട കെട്ടിടമാണ് യാതൊരു അനുമതിയും കൂടാതെ കഴിഞ്ഞവര്‍ഷം മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിച്ചത്.
തെക്കന്‍ ദില്ലിയിലെ സത്യനികേതനില്‍ ഡല്‍ഹി സര്‍വകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള അഞ്ച് നില ഹോസ്റ്റല്‍ കെട്ടിടമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ നിലംപൊത്തിയത്. ആണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഈ പിജി ഹോസ്റ്റലില്‍ അപകട സമയം നാല്‍പ്പതോളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെയോടെ ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണസംഖ്യ ആറായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റു ചികിത്സയിലുള്ള ഏഴുപേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തെ തുടര്‍ന്ന് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കെട്ടിട ഉടമയും എംസിഡി ഉദ്യോഗസ്ഥരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്. നിലവില്‍ കെട്ടിടത്തില്‍ നടന്നു കൊണ്ടിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനധികൃതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സത്യനികേതനിലെ നാലു നിലകളില്‍ കൂടുതലുള്ള എല്ലാ കെട്ടിടങ്ങളിലും കര്‍ശന സുരക്ഷാ പരിശോധന നടത്താന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
.jpg)

