ലഹരി വിമുക്തി ചികിത്സയ്ക്ക് എത്തിയ യുവാവിന്റെ ഇടുപ്പെല്ല് ചവിട്ടി ഒടിച്ച് ആശുപത്രി സെക്യൂരിറ്റി

kottayam-crime
kottayam-crime

പത്തനംതിട്ട :റാന്നി താലൂക്ക് ആശുപത്രിയില്‍ ലഹരി വിമുക്തി ചികിത്സയ്ക്ക് എത്തിയ യുവാവിന് ക്രൂരമര്‍ദനം. വള്ളിക്കോട് സ്വദേശി സജീവാണ് മര്‍ദനത്തിന് ഇരയായത്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ യുവാവിന്റെ ഇടുപ്പെല്ല് ചവിട്ടി ഒടിച്ചെന്നാണ് പരാതി. ചായ കുടിക്കാന്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടതിനാണ് സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെ മര്‍ദിച്ചതെന്നാണ് യുവാവിന്റെ ആരോപണം.

യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളോട് സെക്യൂരിറ്റി ജീവനക്കാരന്‍ അതിക്രമം കാട്ടിയതെന്ന് സജീവന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. ചായ കുടിക്കുന്ന കാര്യം സംസാരിച്ച് നില്‍ക്കവേ എന്തിന് പുറത്ത് പോകണമെന്ന് ചോദിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ സജീവന്റെ കരണത്തടിച്ചതായി ഭാര്യ പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ സെക്യൂരിറ്റി സജീവന്റെ ഇടുപ്പില്‍ ആഞ്ഞ് ചവിട്ടിയെന്നും സജീവ് തെറിച്ചുവീണ്ടെന്നും ഭാര്യ പറഞ്ഞു. സംഭവത്തില്‍ സജീവ് റാന്നി പൊലീസിനും എസ് പിയ്ക്കും ഡിവൈഎസ്പിയ്ക്കും ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.

ഇടുപ്പെല്ലിന് ഗുരുതരമായി പരുക്കേറ്റ സജീവിന് സര്‍ജറി വേണമെന്ന് ഡോക്ടേഴ്‌സ് നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സെക്യൂരിറ്റി ജീവനക്കാരനെതിരെ ശക്തമായ അന്വേഷണം നടത്തുമെന്ന് റാന്നി പൊലീസ് വ്യക്തമാക്കി.

Tags