കുന്നംകുളത്ത് പൊലീസ് മർദ്ദനത്തിനിരയായ വിഎസ് സുജിത്തിനൊപ്പം സർക്കാർ ഉറച്ചുനിൽക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Home Minister Ramesh Chennithala says the government will stand firm with VS Sujith, who was beaten up by the police in Kunnamkulam.

ഇടുക്കി: കുന്നംകുളത്ത് പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായ വിഎസ് സുജിത്തിനൊപ്പം സർക്കാർ ഉറച്ചുനിൽക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുജിത്ത് നൽകിയ പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതായും സംഭവത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.ജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലാണ് നിലവിൽ കേസിന്റെ അന്വേഷണം നടക്കുന്നത്. വിഷയത്തിൽ ആരോപണവിധേയരായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ സർക്കാർ തന്നെ പ്രാഥമിക നടപടികൾ സ്വീകരിച്ചിരുന്നു. ഐജിയുടെ വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാരായവർക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കും. പരാതിക്കാരനായ സുജിത്തിന് നീതി ഉറപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

സംസ്ഥാനത്ത് എസ്എഫ്ഐ നടത്തുന്ന അക്രമാസക്തമായ സമരങ്ങളെ രൂക്ഷമായ ഭാഷയിലാണ് രമേശ് ചെന്നിത്തല വിമർശിച്ചത്. വിദ്യാർത്ഥി സംഘടന നടത്തുന്ന ഈ പ്രക്ഷോഭങ്ങൾ യഥാർത്ഥത്തിൽ എന്തിനുവേണ്ടിയാണെന്ന് വ്യക്തമാക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തിനിടെ കൃത്യനിർവ്വഹണത്തിലുണ്ടായിരുന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ കഴുത്തിന് പിടിച്ച് എസ്എഫ്ഐ പ്രവർത്തകൻ തള്ളുന്ന സാഹചര്യം വരെയുണ്ടായി. ഇത്രയും ഗുരുതരമായ പ്രകോപനമുണ്ടായിട്ടും പൊലീസ് സേന അങ്ങേയറ്റം സംയമനം പാലിക്കുകയാണുണ്ടായത്. ഇത്തരം അക്രമ സമരങ്ങളെ പ്രതിപക്ഷം ന്യായീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Tags