ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയം, മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയമെന്ന് രാജീവ് ചന്ദ്രശേഖര്‍

rajeev

താലിബാന്‍ ഭരണത്തെ അനുസ്മരിപ്പിക്കുന്ന ഇത്തരം നടപടികള്‍ക്കാണ് കേരളം ഇന്ന് സാക്ഷ്യം വഹിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് വധഭീഷണിയും സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകാതെ, ആ മാധ്യമപ്രവര്‍ത്തകയെത്തന്നെ പ്രതിയാക്കി കേസെടുത്തത് മതമൗലികവാദ ശക്തികള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ കീഴടങ്ങിയതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും സമത്വത്തെക്കുറിച്ചും ഒരുഭാഗത്ത് രാഹുല്‍ ഗാന്ധി വാചാലനാകുമ്പോള്‍, കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ കേസെടുക്കുന്നു. ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് മാധ്യമ പ്രവര്‍ത്തകയായ അപര്‍ണ്ണ കുറുപ്പിന് നേരിടേണ്ടി വന്നിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയ മതമൗലികവാദ സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകളിലെ തുടര്‍നടപടികള്‍ ആഭ്യന്തര വകുപ്പ് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെക്കുറിച്ച് ചര്‍ച്ച നയിച്ച മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ച പ്രതിക്കെതിരെയുള്ള നടപടികള്‍ സര്‍ക്കാര്‍ മരവിപ്പിച്ചത് മുസ്ലീം ലീഗ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതമൗലിക സംഘടനകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. മാധ്യമപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയ വ്യക്തിക്കെതിരെ കേസെടുത്തപ്പോള്‍ മുസ്ലിം ലീഗ് എംഎല്‍എമാര്‍ തന്നെ പരസ്യമായി ആഭ്യന്തര വകുപ്പിനെതിരെ രംഗത്തുവരികയും, അവരെ ഭയന്ന് ആഭ്യന്തര വകുപ്പ് നടപടികള്‍ റദ്ദാക്കുകയുമാണുണ്ടായത്. താലിബാന്‍ ഭരണത്തെ അനുസ്മരിപ്പിക്കുന്ന ഇത്തരം നടപടികള്‍ക്കാണ് കേരളം ഇന്ന് സാക്ഷ്യം വഹിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.

Tags