'ഹയ്യത്തടാ' എന്നാർപ്പുവിളിയോടെ ഉശിരന്മാർ പോരടിക്കുന്ന ഒരു ഓണക്കളി..
ഓണക്കളികൾ എന്ന് പറയുമ്പോൾ അൽപ്പം പഴയ തലമുറയിലെ ആളുകൾക്ക് പലപേരുകളും മനസ്സിൽ വരും. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് അത്തരം അനോഹര നിമിഷങ്ങൾ ഒന്നും തന്നെ ഓർത്തെടുക്കാൻ ഉണ്ടാവുകയുമില്ല..ഓണക്കളികളില്‍ ഏറ്റവും പഴക്കം ചെന്ന ഒന്നാണ് ഓണത്തല്ല്. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന് പേരുണ്ട്. എ.ഡി. രണ്ടാമാണ്ടില്‍ മാങ്കുടി മരുതനാര്‍ രചിച്ച സംഘ കൃതിയായ 'മധുരൈ കാഞ്ചിയില്‍' ഓണത്തിനെക്കുറിച്ചും ഓണത്തല്ലിനെക്കുറിച്ചും പരാമര്‍ശമുണ്ട്.
മധ്യ കേരളത്തിലാണ് ഓണത്തല്ലിന്റെ ഉത്ഭവമെന്നാണ് കരുതുന്നത്. ഓണക്കാലത്ത് നാടുവാഴികള്‍ക്കും സവര്‍ണ്ണ വിഭാഗങ്ങള്‍ക്കും കണ്ടാസ്വദിക്കാന്‍ നടത്തിയിരുന്ന മെയ്യ് ആയോധന കലാരൂപമാണ് ഓണത്തല്ലെന്ന് പറയപ്പെടുന്നു. കൈകള്‍ ഉപയോഗിച്ചുള്ള ആയോധന വ്യായാമം ആണ് ഇത്. ഓണത്തല്ല് ചേരമാന്‍ പെരുമാക്കള്‍മാരുടെ കാലത്തോ അതിനും മുമ്പോ ഉദയം കൊണ്ടതാകാമെന്നും വിവിധ അഭിപ്രായങ്ങളുണ്ട്. കര്‍ക്കിടക മാസത്തിന്റെ കളരി ചികിത്സയും പിന്നീട് അഭ്യാസവും കഴിഞ്ഞ് ചിങ്ങമാസത്തില്‍ ശക്തി പരീക്ഷിക്കാനുള്ള പ്രായോഗികാഭ്യാസം കാണിക്കാനുള്ള അവസരമെന്ന രീതിയിലും ഓണക്കാലത്തെ ഓണത്തല്ലിനെ കാണുന്നു.
കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലിൽ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത്. വ്യവസ്ഥതെറ്റുമ്പോൾ തല്ലുകാരെ പിടിച്ചുമാറ്റുവാൻ റഫറി (ചായികാരൻമാർ അല്ലെങ്കിൽ ചാതിക്കാരൻമാർ) ഉണ്ട്. നിരന്നു നിൽക്കുന്ന രണ്ടു ചേരിക്കാർക്കും നടുവിൽ 14 മീറ്റർ വ്യാസത്തിൽ ചാണകം മെഴുകിയ കളത്തിലാണ് തല്ലു നടക്കുക. ഇതിന് ആട്ടക്കളം എന്നു പറയുന്നു.
തല്ലു തുടങ്ങും മുൻപ് പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കൻമാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന് 'ചേരികുമ്പിടുക' എന്ന് പറയുന്നു.
പോര്‍വിളി മുഴുക്കി 'ഹയ്യത്തടാ' എന്നൊരാര്‍പ്പോടെ രണ്ട് തല്ലുകാരും കളത്തിലിറങ്ങി കൈ കോര്‍ക്കും. പിന്നെ ശക്തിയായി വലിച്ച് വിടുവിച്ച് തല്ലു തുടങ്ങും. ഒരാള്‍ തോല്‍ക്കും വരെ കളം വിട്ട് പോകാനാകില്ല.
തൃശ്ശൂര്‍ ജില്ലയിലാണ് 'ഓണത്തല്ല്' വിനോദം കൂടുതലായി നടത്തിപ്പോരുന്നത്. പല്ലശ്ശനയിലെ ഓണത്തല്ല് പ്രസിദ്ധമാണ്. നാട്ടുരാജാവായിരുന്ന കുറൂര്‍ നമ്പിടിയെ അയല്‍ നാട്ടുരാജാവ് ചതിച്ചു കൊന്നെന്നും രോഷം പൂണ്ട ദേശവാസികള്‍ പോര്‍വിളി നടത്തിയെന്നുമാണ് പല്ലശ്ശനയിലെ ഓണത്തല്ലിന്റെ ചരിത്രം. തിരുവോണ ദിവസം വിവിധ സമുദായക്കാർ ചേർന്നാണ് ഇത് നടത്താറ്. 17 ദേശങ്ങളാണ് ഇതിൽ പ്രധാനം. വ്രതശുദ്ധിയോടെ ഭസ്മംതൊട്ട് കച്ചകെട്ടിയാണ് ആളുകൾ ഓണത്തല്ലിനായി കളത്തിലേക്കിറങ്ങുന്നത്.