ചരിത്രത്തിലാദ്യം....! ഗുരുവായൂരിൽ ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ബുക്ക് ചെയ്തത് 377 കല്യാണങ്ങൾ

guruvayoor

 ഗുരുവായൂർ: മലയാള മാസമായ ചിങ്ങത്തിലെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23-ന് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങളുടെ എണ്ണത്തിൽ സർവകാല റെക്കോഡ്. ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം അന്ന് 377 കല്യാണങ്ങളാണ് ഇതിനോടകം ബുക്ക് ചെയ്തിരിക്കുന്നത്. വിവാഹ തീയതിക്ക് ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ, ബുക്കിംഗ് 400 കടക്കുമെന്നാണ് ഗുരുവായൂർ ദേവസ്വത്തിന്റെ പ്രതീക്ഷ.

2024 സെപ്‌റ്റംബർ എട്ടിന് നടന്ന 334 വിവാഹങ്ങളായിരുന്നു ഇതുവരെയുള്ള സർവകാല റെക്കോഡ്. അന്നേ ദിവസം 350-ലേറെ കല്യാണങ്ങളായിരുന്നു ബുക്ക് ചെയ്തിരുന്നത്. വൻതോതിലുള്ള തിരക്ക് കണക്കിലെടുത്ത്, യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിൽ ചടങ്ങുകൾ സുഗമമായി നടത്തുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങൾ ദേവസ്വം ഇതിനോടകം ആസൂത്രണം ചെയ്തു കഴിഞ്ഞു.

അതിന്റെ ഭാഗമായി ക്ഷേത്രത്തിൽ സ്ഥിരമായി ഉപയോഗിക്കാവുന്ന അഞ്ചാമത്തെ കല്യാണമണ്ഡപം നിർമ്മിക്കുന്നുണ്ട്. ചെന്നൈയിൽ നിന്നുള്ള ഒരു ഭക്തനാണ് ഈ മണ്ഡപം വഴിപാടായി നിർമിച്ച് സമർപ്പിക്കുന്നത്. കോതച്ചിറ സ്വദേശിയായ ശില്പി സുധിൽ കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ മണ്ഡപത്തിന്റെ പണികൾ പുരോഗമിക്കുന്നത്. നിലവിൽ മരപ്പണികൾ പൂർത്തിയായിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഗുരുവായൂരിൽ എത്തിക്കുന്ന മണ്ഡപം ചിങ്ങം ഒന്നിന് സ്ഥാപിക്കും. ഇതായിരിക്കും ഇനി മുതൽ ഒന്നാം നമ്പർ മണ്ഡപം എന്നറിയപ്പെടുക.

നിലവിൽ ഗുരുവായൂരിൽ നാല് സ്ഥിര മണ്ഡപങ്ങളാണുള്ളത്. വിവാഹങ്ങളുടെ എണ്ണം 200 കടക്കുമ്പോൾ സാധാരണയായി താൽക്കാലികമായി മറ്റൊരു മണ്ഡപം കൂടി സജ്ജീകരിക്കാറുണ്ട്. എന്നാൽ പുതിയതായി നിർമ്മിക്കുന്ന മണ്ഡപം സ്ഥിര സ്വഭാവത്തിലുള്ളതാണെന്നത് വലിയ ആശ്വാസമാകും.

Tags