സംസ്ഥാനത്ത് വൈദ്യുതി ബില്ലിൽ വീണ്ടും വർധനയ്ക്ക് സാധ്യത ; പുതിയ താരിഫ് നയം പുറത്തിറക്കി റെഗുലേറ്ററി കമീഷൻ

Relief from summer crisis: 177 MW additional electricity from the central pool

 തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും കൂടും, പുതിയ താരിഫ് നയം റെഗുലേറ്ററി കമീഷൻ പുറത്തിറക്കി. വൈദ്യുതി ബോർഡിന്റെ മുൻകാലനഷ്ടമായ 5000 കോടി രൂപ നാലുവർഷംകൊണ്ട് സർചാർജിലൂടെ നികത്താനാണ് തീരുമാനം.

അടുത്ത വർഷം ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർചാർജും നിലവിൽവരും. ഇതനുസരിച്ച് 2027-28 മുതൽ 2030-31 വരെയുള്ള നാലുവർഷത്തേക്ക് ഉപഭോക്താക്കൾ സർചാർജും പുതിയ നിരക്കും നൽകേണ്ടിവരും.വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിന്റെ നിശ്ചിത നിരക്കായിരിക്കും സർചാർജ്. മറ്റുവിഭാഗങ്ങൾക്ക് ഫിക്‌സഡ് ഡിപ്പോസിറ്റിന്റെയും വൈദ്യുതിനിരക്കിന്റെയും നിശ്ചിതശതമാനവും. അഞ്ചു വർഷത്തേക്കാണ് താരിഫ് നയം നടപ്പാക്കുന്നത്.

കൂടാതെ, പീക്ക് സമയം വർധിപ്പിക്കാനും തീരുമാനിച്ചു. വൈകീട്ട് ആറു മുതൽ രാത്രി 11.30 വരെയാണ് പുതിയ പീക്ക് സമയം. നേരത്തെ, ആറു മുതൽ രാത്രി പത്തുവരെയായിരുന്നു. പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപഭോഗത്തിന് കൂടുതൽ നിരക്ക് നൽകണം. ‍വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ചെലവിൽ ഇന്ധനവില വർധനകൊണ്ടുള്ള അധികബാധ്യത ഈടാക്കാൻ മാസംതോറും ഇന്ധന സർചാർജ് ചുമത്താറുണ്ട്. ഇതുവരെ ദീർഘകാല വൈദ്യുതിക്കരാറുകളിൽ മാത്രമായിരുന്നു ഇത്തരത്തിൽ സർചാർജ് ചുമത്തിയിരുന്നത്. ഇനി ഹ്രസ്വകാല, അടിയന്തര വാങ്ങലുകളിലും ഇന്ധന സർചാർജ് ഈടാക്കും. ഇത് കമീഷന്റെ അംഗീകാരമില്ലാതെതന്നെ കമ്പനിക്ക് നേരിട്ട് ഈടാക്കാം. അധികബാധ്യത ഉടനെത്തന്നെ ഉപഭോക്താക്കളിൽനിന്ന് ഈടാക്കാനാണ് കേന്ദ്രം ഈ ചട്ടം കൊണ്ടുവന്നത്.

എന്നാൽ, ഇന്ധന സർചാർജായി ശരാശരി വൈദ്യുതി വിലയുടെ നാലുശതമാനത്തിൽ കൂടുതൽ നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാവും. വൈദ്യുതിവിതരണത്തിനുള്ള ചെലവിനനുസരിച്ച് നിരക്ക് നിശ്ചയിക്കണമെന്ന് സുപ്രീംകോടതി വിധി പാലിക്കണം, ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്‌സഡ് ചാർജ് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിലാകണം,

വീട്ടിൽ സ്‌റ്റോറേജ് സംവിധാനം ഏർപ്പെടുത്തി രാത്രിയിൽ വൈദ്യുതി ഗ്രിഡിലേക്ക്‌ നൽകുന്നവർക്ക് പ്രോത്സാഹനകരമായ വിലനൽകണം തുടങ്ങിയ നിർദേശങ്ങളും പുതിയ താരിഫ് നയത്തിലുണ്ട്. 

Tags