ഹയര്‍സെക്കന്ററി ഓണ്‍ലൈന്‍ സ്ഥലമാറ്റം ;പോര്‍ട്ടല്‍ തുറന്നു


2025-26 അധ്യയന വര്‍ഷത്തിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലമാറ്റവും നിയമനവും ഓണ്‍ലൈനായി നടത്തുന്നതിനു എല്ലാ അധ്യാപകരുടെയും പ്രൊഫൈല്‍ കൃത്യമാക്കുന്നതിനും പ്രിന്‍സിപ്പല്‍മാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി പോര്‍ട്ടല്‍ തുറന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ & ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) സാങ്കേതിക പിന്തുണയോടെ ജൂണ്‍ 1-ന് മുമ്പ്‍ സ്ഥലമാറ്റവും നിയമനവും പൂര്‍ത്തീകരിക്കുന്ന വിധത്തിലാണ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്.
ഇതനുസരിച്ച് അധ്യാപകര്‍ www.dhsetransfer.kerala.gov.in പോര്‍ട്ടലില്‍ ഏപ്രില്‍ 16 വരെ വിവരങ്ങള്‍ അപ്‍ഡേറ്റ് ചെയ്യണം. പ്രിന്‍സിപ്പല്‍മാര്‍ ഇത് പരിശോധിച്ച് കൃത്യത ഉറപ്പാക്കുകയും വീണ്ടും അധ്യാപകര്‍ പ്രൈഫൈല്‍ ‘കണ്‍ഫേം’ ചെയ്യുകയും വേണം.
പ്രൊഫൈല്‍ പുതുക്കുന്നതോടൊപ്പം എല്ലാ അധ്യാപകരും പോര്‍ട്ടലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, അവരുടെ പോസ്റ്റിംഗ് സ്റ്റാറ്റസ് (കണ്ടീഷണല്‍/ നോര്‍മല്‍/എക്സസ്) കൃത്യമാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം. എല്ലാ വിശദാംശങ്ങളും പരിശോധിച്ച് പ്രിന്‍സിപ്പല്‍മാര്‍ പ്രൊഫൈല്‍ കൃത്യമാക്കുന്നതോടൊപ്പം തന്നെ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയതാണ്. കൂടാതെ ഇതാദ്യമായി മെയ് 31വരെ വിരമിക്കുന്ന അധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും എണ്ണംകൂടി ഉള്‍പ്പെടുത്തിയാണ് ഒഴിവുകള്‍ കണക്കാക്കുന്നത്. വിവരങ്ങള്‍ നല്‍കുന്നതോടൊപ്പം ഓരോ സ്കൂളിലെയും ഒഴിവുവിവരങ്ങള്‍ തത്സയമം സുതാര്യമായി അറിയാനും ഈ വര്‍ഷം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രൊഫൈല്‍ കൃത്യമാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, പരാതികളും അധ്യാപകര്‍ ഈ വര്‍ഷം പോര്‍ട്ടല്‍ വഴി വേണം പ്രിന്‍സിപ്പലിന്റെ പരിശോധനയ്ക്കായി സമര്‍പ്പിക്കേണ്ടത്. ഇതിനായി പ്രത്യേകം പരാതികള്‍ നല്‍കേണ്ടതില്ല. നല്‍കിയ വിവരങ്ങളുടെ/ പരാതികളുടെ സ്റ്റാറ്റസ് ഓരോ അധ്യാപകനും അവരുടെ ലോഗിനില്‍ ലഭ്യമാകും. സാങ്കേതിക പിന്തുണക്കായി കൈറ്റിന്റെ ഹെല്‍പ് ഡെസ്ക്കും നിലവില്‍ വന്നു. അധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും പോര്‍ട്ടല്‍ ഉപയോഗിക്കാനുള്ള വീഡിയോകളും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.