വൈദ്യുതി ബിൽ അമിതമായാൽ പരിഹരിക്കാം

electric1

തിരുവനന്തപുരം: വൈദ്യുതിബിൽ അമിതമായാൽ പരിഹരിക്കാൻ സംവിധാനം വരുന്നു. ബില്ലുകളിൽ അസാധാരണമായ ഏറ്റക്കുറച്ചിൽ ഉണ്ടായാൽ അതു കണ്ടെത്താനും പരിഹരിക്കാനും കെ.എസ്.ഇ.ബി. പോലുള്ള വിതരണക്കമ്പനികൾക്ക് ഉത്തരവാദിത്വം നിശ്ചയിച്ച് ഉപഭോക്തൃ അവകാശങ്ങൾ സംബന്ധിച്ച കരട് ചട്ടങ്ങൾ കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കി.

tRootC1469263">

നിലവിൽ അമിതബിൽ കിട്ടിയാൽ അത് ചൂണ്ടിക്കാട്ടേണ്ടതും പരിഹരിക്കേണ്ടതും ഉപഭോക്താവിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ, പരാതി പരിഹരിക്കുന്നതുവരെ അതിനു മുൻപുള്ള ബില്ലുകളിലെ ശരാശരി തുകതന്നെ അടച്ചാൽമതിയെന്നാണ് ചട്ടത്തിലുള്ളത്. ആദ്യമായാണ് ഇത്തരമൊരു അവകാശം ചട്ടത്തിൽ ഉൾപ്പെടുത്തുന്നത്. ചട്ടം അന്തിമമാക്കാൻ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾക്ക് അയച്ചു.

ബില്ലുകളിലെ അസാധാരണ ഏറ്റക്കുറച്ചിലുകൾ സ്വമേധയാ കണ്ടെത്താൻ വിതരണക്കമ്പനികൾ ബില്ലിങ് സംവിധാനത്തിൽ ക്രമീകരണമുണ്ടാക്കണം. ഒരു ഉപഭോക്താവിന്റെ ആറ് ബില്ലുകളുടെ കാലഘട്ടത്തിൽ ഏതെങ്കിലും ബിൽ ശരാശരിയെക്കാൾ അഞ്ച് മടങ്ങ് കൂടിയാലോ അഞ്ചിലൊന്നായി കുറഞ്ഞാലോ അത് സ്വമേധയാ കണ്ടെത്താനുള്ള സംവിധാനം വിതരണക്കമ്പനികൾക്ക് ഉണ്ടായിരിക്കണം. അതിന്റെ കാരണവും പരിശോധിക്കണം.

പരിഹാരം വേണ്ടതാണെങ്കിൽ 30 ദിവസത്തിനകം തീർപ്പാക്കണം. അതുവരെ അമിത ബിൽത്തുക അടയ്ക്കേണ്ടതില്ല. മുൻകാലങ്ങളിലെ ശരാശരി ബിൽ അടച്ചാൽമതി. തർക്കമുണ്ടായാലും ബില്ലിൽ ആവശ്യപ്പെട്ട തുക അടയ്ക്കാതിരുന്നാൽ കണക്ഷൻ വിച്ഛേദിക്കുന്ന നിലവിലെ രീതി പാടില്ല. ഏറ്റക്കുറച്ചിലിന്റെ പരിധി അഞ്ചിരട്ടിയും അഞ്ചിലൊന്നുംതന്നെ ആകണമെന്നുമില്ല. സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകൾക്ക് വ്യത്യസ്തമായി തീരുമാനിക്കാം.

ബിൽ അസാധാരണമായി കുറയാൻ ഉപയോഗത്തിലെ കുറവിനുപുറമേ, മീറ്റർ പ്രവർത്തിക്കാതിരിക്കുന്നതും മീറ്ററിൽ കൃത്രിമം കാട്ടുന്നതുമൊക്കെ കാരണമാകാം. ഇതെല്ലാം വിതരണക്കമ്പനി നേരിട്ടു കണ്ടെത്തുന്നത് ഉപഭോക്താവിനും കമ്പനിക്കും ഗുണകരമാകും.

Tags