ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനങ്ങളിൽ നിര്‍ണായക നടപടിയുമായി ഹൈക്കോടതി ; ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ അധികാരം റദ്ദാക്കി

highcourt

കൊച്ചി:ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ നിര്‍ണായക നടപടിയുമായി ഹൈക്കോടതി. നിയമനത്തിൽ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ അധികാരം റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിര്‍ണായക നടപടി. നിയമനത്തിനുള്ള അധികാരം ദേവസ്വം മാനേജ്മെൻ്റ് കമ്മിറ്റിക്ക് നൽകി. നിയമനത്തിനുള്ള നിലവിലെ വിജ്ഞാപനങ്ങൾ റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ടസമിതിയെയും ഹൈക്കോടതി നിയോഗിച്ചു. 

tRootC1469263">

വിരമിച്ച ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ അധ്യക്ഷനായ സമിതിയിൽ അഡ്വ.കെ.ആനന്ദ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എന്നിവർ അംഗങ്ങളായിരിക്കും. നിയമന പ്രക്രിയയുടെ മേൽനോട്ടത്തിനും നിയന്ത്രണത്തിനുമായി രൂപീകരിച്ച പ്രത്യേക സമിതിയുടെ കാലാവധി ഒരു വർഷത്തേക്കായിരിക്കും.
റിക്രൂട്ട്‌മെന്‍റ് ബോർഡ് വഴി നടന്ന നിയമനങ്ങളെ ഈ വിധി ബാധിക്കില്ലെന്നും,അവർക്ക് ജോലിയിൽ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനങ്ങള്‍ നടത്താൻ കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിന് (കെഡിആര്‍ബി) അധികാരമില്ലെന്നാണ് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയത്. ഗുരുവായൂര്‍ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്കും ദേവസ്വത്തിന് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തസ്തികകളിലേക്കും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് അനുമതി നൽകുന്ന കെഡിആര്‍ബി സെക്ഷൻ 9 നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അധികാരം ഹൈക്കോടതി റദ്ദാക്കിയത്. 

ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് യൂണിയൻ കോണ്‍ഗ്രസ് നൽകിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനം നടത്താനുള്ള അധികാരം ദേവസ്വം മാനേജിങ് കമ്മിറ്റിക്കാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മ്മാധികാരി, ജസ്റ്റിസ് ശ്യാംകുമാര്‍ എന്നിവരടങ്ങിയ ബ‍െഞ്ചിന്‍റേതാണ് ഉത്തരവ്.ഉത്തരവ് പ്രകാരം ഗുരുവായൂര്‍ ദേവസ്വത്തിലെ ക്ലര്‍ക്ക് ഉള്‍പ്പെടെയുള്ള 38 തസ്തികളിലേക്ക് കെഡിആര്‍ബി മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കും. കെഡിആര്‍ബി ഇതിനോടകം നടത്തിയ നിയമനങ്ങളെ ഉത്തരവ് ബാധിക്കില്ല.

Tags