മാലിന്യം വലിച്ചെറിയുന്ന കേസുകളിൽ പിടികൂടുന്ന വാഹനങ്ങൾ ഹൈക്കോടതിയുടെ അറിവില്ലാതെ വിട്ടു നൽകരുതെന്ന് നിർദ്ദേശം

google news
high court

മാലിന്യം വലിച്ചെറിയുന്ന കേസുകളിൽ പിടികൂടുന്ന വാഹനങ്ങൾ ഹൈക്കോടതിയുടെ അറിവില്ലാതെ വിട്ടു നൽകരുതെന്ന് നിർദ്ദേശം

കൊച്ചി : മാലിന്യം വലിച്ചെറിയുന്ന കേസുകളിൽ പിടികൂടുന്ന വാഹനങ്ങൾ ഹൈക്കോടതിയുടെ അറിവില്ലാതെ വിട്ടു നൽകരുതെന്ന് നിർദ്ദേശം. നിസാര തുക പിഴ ഈടാക്കി വിട്ടു നൽകുന്നതു ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്‍റെ നിർദ്ദേശം. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് 250 രൂപ പിഴ ഈടാക്കി വിട്ടു നൽകിയതു കൊച്ചി നഗരസഭാ സെക്രട്ടറിയും ജില്ലാ കളക്ടറും കോടതിയിൽ വിശദീകരിച്ചിരുന്നു. 

ഇതേ തുടർന്നാണ് പത്തുലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങൾ തുച്ഛമായ തുക ഈടാക്കി വിട്ടു നൽകുന്നത് ഉചിതമല്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. പിടിച്ചെടുക്കുന്ന വാഹനങ്ങൾക്കെതിരെ മലിനീകരണ നിയന്ത്രണ നിയമം പ്രകാരം നടപടിയെടുക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയ കൊച്ചി നഗരസഭയ്ക്ക് 100 കോടി രൂപ പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനുള്ള സ്റ്റേ കോടതി ജൂൺ 30 വരെ നീട്ടി.

മുനിസിപ്പാലിറ്റി ആക്ടിൽ തന്നെ 10,000 രൂപ വരെ പിഴയീടാക്കാനുള്ള വ്യവസ്ഥയുണ്ട്. വാഹനങ്ങൾ വിട്ടുകിട്ടണമെന്നുള്ളവർ കോടതിയിലേക്ക് നേരിട്ട് വരട്ടെയെന്നും ഡിവിഷൻ ബഞ്ച് വാക്കാൽ പറഞ്ഞു. ബ്രഹ്മപുരം പ്ളാന്റിനു തീപിടിച്ചതിനെത്തുടർന്ന് കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവേ നഗരത്തിലെ മാലിന്യ സംസ്കരണ നടപടികളിൽ അനിശ്ചിതാവസ്ഥ തുടരുന്നതിൽ ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. വീഴ്ച വരുത്തിയ കൊച്ചി നഗരസഭയ്ക്ക് 100 കോടി രൂപ പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനുള്ള സ്റ്റേ ജൂൺ 30 വരെ നീട്ടി.

Tags