സ്കൂൾ ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തി ; സ്കൂൾ അധ്യാപകന്റെ സസ്പെൻഷൻ ഹൈകോടതി സ്റ്റേ ചെയ്തു
കൊച്ചി : സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുള്ള സ്കൂൾ ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതിന്റെ പേരിൽ സസ്പെൻഷനിലായ അധ്യാപകന് ആശ്വാസവുമായി കേരള ഹൈക്കോടതി. കാസർഗോഡ് പള്ളത്തടുക്ക എ.യു.പി സ്കൂളിലെ അധ്യാപകനായ ഗുരുപ്രസാദ് റായിയുടെ സസ്പെൻഷൻ ഉത്തരവാണ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്. അതേസമയം, അധ്യാപകനെതിരെയുള്ള വകുപ്പുതല അച്ചടക്ക നടപടികളുമായി മുന്നോട്ടുപോകാമെന്നും ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി. കേസ് വിശദമായ വാദത്തിനായി സെപ്റ്റംബർ 18-ലേക്ക് മാറ്റി.
കാസർഗോഡ് ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകൾക്കായി സംഘടിപ്പിച്ച 'സോഷ്യൽ സയൻസ് ക്ലബ്ബ് ഫ്രീഡം ക്വിസ് 2026' മത്സരത്തിലാണ് വിവാദമായ ചോദ്യം ഉൾപ്പെടുത്തിയത്. "ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?" എന്ന ചോദ്യത്തിന് ഉത്തരസൂചികയായി നൽകിയിരുന്നത് വി.ഡി. സവർക്കറുടെ പേരായിരുന്നു. ഇത് ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് രാഷ്ട്രീയ-വിദ്യാഭ്യാസ തലങ്ങളിൽ വലിയ പ്രതിഷേധം ഉയരുകയും പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അധ്യാപകനെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
തുടർന്ന്, രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ പേരിൽ ചട്ടങ്ങൾ ലംഘിച്ചാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും ചോദ്യത്തിലോ ഉത്തരത്തിലോ വസ്തുതാപരമായ തെറ്റുകളില്ലെന്നും ചൂണ്ടിക്കാട്ടി ഗുരുപ്രസാദ് റായ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സവർക്കർ 1910 മുതൽ 1937 വരെ ജയിൽവാസം അനുഭവിച്ചതായി കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ രേഖകളിലുണ്ടെന്നും, ചരിത്രപരമായ വിവരങ്ങൾ ക്വിസിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ അച്ചടക്ക നടപടി നേരിടുന്നത് അനീതിയാണെന്നും ഹരജിക്കാരൻ വാദിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് പുറത്തിറക്കിയ അനുസ്മരണ സ്റ്റാമ്പുകളടക്കം ഇതിന് തെളിവാണെന്ന് അധ്യാപകന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
എന്നാൽ, നൽകിയ ഉത്തരം സമൂഹത്തിലെ ഒരു വിഭാഗത്തിന് അംഗീകരിക്കാൻ കഴിയാത്തതാണെന്നും ചരിത്രപരമായ വസ്‌തുതകളെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ടാണ് ചോദ്യം തയ്യാറാക്കിയതെന്നും സർക്കാർ കോടതിയിൽ വാദിച്ചു. തുടർന്ന് വാദങ്ങൾ കേട്ട കോടതി, പ്രാഥമികമായി സസ്പെൻഷൻ ഉത്തരവിന് ഒരു മാസത്തെ സ്റ്റേ അനുവദിക്കുകയും സർക്കാരിന്റെ വിശദീകരണത്തിനായി കേസ് മാറ്റിവെക്കുകയുമായിരുന്നു.
.jpg)

