വിദേശയാത്രാ ഇളവ് ഹർജിയിൽ തച്ചങ്കരിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ വിദേശയാത്രയ്ക്കുള്ള ജാമ്യവ്യവസ്ഥയിലെ ഇളവ് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ രൂക്ഷമായ പരിഹാസവും വിമർശനവുമായി ഹൈക്കോടതി. ജയിലിലേക്ക് പോയപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ അഭയം പ്രാപിച്ച വ്യക്തി, പുറത്തിറങ്ങിയ ഉടൻ വിദേശത്ത് ജോലിക്ക് പോകണമെന്ന് ആവശ്യപ്പെടുന്നതിൽ വൈരുദ്ധ്യമുണ്ടെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു. ജയിലിൽ പോകുമ്പോൾ ഗുരുതരരോഗവും പുറത്തിറങ്ങിയാൽ സുഖവാസവും എന്ന നിലപാട് കാണുന്ന ജനങ്ങൾ ജഡ്ജിമാർക്ക് ബുദ്ധിയില്ലെന്ന് കരുതുമെന്നും, എന്നാൽ ആരും അങ്ങനെ കരുതേണ്ടതില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.
യുഎഇയിലെ ജോലി നഷ്ടപ്പെടാതിരിക്കാൻ യാത്രയ്ക്ക് അനുമതി നൽകണമെന്നായിരുന്നു തച്ചങ്കരിയുടെ ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ, ഹർജി പരിഗണിച്ച കോടതി വെള്ളിയാഴ്ചയ്ക്കുള്ളിൽ തച്ചങ്കരിയുടെ ചികിത്സാ വിവരങ്ങൾ ഹാജരാക്കാൻ പൂജപ്പുര ജയിൽ സൂപ്രണ്ടിന് നിർദേശം നൽകി. ശിക്ഷാവിധിക്കു ശേഷം എത്ര ദിവസം ജയിലിലും എത്ര ദിവസം ആശുപത്രിയിലും കഴിഞ്ഞു എന്നതടക്കമുള്ള വിവരങ്ങൾ അറിയിക്കാനാണ് നിർദേശം. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന ജാമ്യവ്യവസ്ഥ ഭേദഗതി ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണവും തേടിയിട്ടുണ്ട്.
.jpg)

