ആത്മീയ ചികിത്സയുടെ 73-കാരിയെ പീഡിപ്പിച്ചു ; 61-കാരന്റെ തടവുശിക്ഷ ശരിവെച്ച് ഹൈക്കോടതി

Online financial fraud; High Court directs SBI to refund the lost amount to the customer who reported the loss to the bank and police within 24 hours

 ആത്മീയ ചികിത്സയുടെ പേരിൽ വിശ്വാസം നേടിയ ശേഷം വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് നൽകിയ ശിക്ഷ ശരിവെച്ച് കേരള ഹൈക്കോടതി. 73-കാരിയെ പീഡിപ്പിച്ച കേസിൽ 61-കാരനായ പ്രതിക്ക് തൃശ്ശൂർ പ്രത്യേക കോടതി വിധിച്ച 10 വർഷത്തെ കഠിനതടവാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ശരിവെച്ചത്. സംഭവം നടന്ന തീയതിയിലെ വൈരുധ്യം, പരാതി നൽകാൻ 19 ദിവസം വൈകിയത്, ശരീരത്തിൽ ബാഹ്യമായ പരിക്കുകളില്ലാത്തത് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതി നൽകിയ അപ്പീൽ കോടതി തള്ളി. കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും കണക്കിലെടുക്കുമ്പോൾ ശിക്ഷയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഒക്ടോബർ 12-ലെ ഉത്തരവിൽ കോടതി വ്യക്തമാക്കി.

വയോധികയുടെ മൊഴിയും സംഭവദിവസം പ്രതിയും അവരും തമ്മിൽ നടന്ന ഫോൺവിളികളുടെ രേഖകളും കേസിൽ നിർണായകമായി. വിദേശത്തായിരുന്ന മകന്റെ നിർദേശപ്രകാരം ആത്മീയ ഉപദേഷ്ടാവെന്ന് അവകാശപ്പെട്ട പ്രതിയെ വയോധിക ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ശരീരത്തിൽ ബിംബങ്ങളും ദുർഭൂതങ്ങളും ഉണ്ടെന്നും അവ ഒഴിപ്പിക്കാമെന്നും പറഞ്ഞ് ചികിത്സയുടെ ഭാഗമെന്ന വ്യാജേന പ്രതി പീഡിപ്പിച്ചെന്നാണ് മൊഴി. 2022 ഒക്ടോബർ ഏഴിനാണ് സംഭവം നടന്നതെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഒക്ടോബർ എട്ടായി തിരുത്തിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, ഒക്ടോബർ എട്ടിന് ഇരുവരും തമ്മിൽ മൂന്ന് ഫോൺവിളികൾ നടന്നതായി രേഖകളുണ്ടെന്നും തീയതിയിലെ വൈരുധ്യം മാത്രം മൊഴി തള്ളാനുള്ള കാരണമല്ലെന്നും കോടതി വിലയിരുത്തി.

പരാതി നൽകാൻ 19 ദിവസം വൈകിയെന്ന വാദവും കോടതി പരിശോധിച്ചു. മകനോടും മക്കളോടും സംസാരിച്ച ശേഷമാണ് പോലീസിനെ സമീപിക്കാൻ തീരുമാനിച്ചതെന്ന വയോധികയുടെ വിശദീകരണം തൃപ്തികരമാണെന്ന് കോടതി കണ്ടെത്തി. സംഭവം നടന്ന് ഏകദേശം 20 ദിവസത്തിനുശേഷം, 2022 ഒക്ടോബർ 28-ന് നടത്തിയ വൈദ്യപരിശോധനയിൽ ബാഹ്യമായ പരിക്കുകൾ കണ്ടെത്തിയിരുന്നില്ല. എന്നാൽ, ഇത്രയും ദിവസങ്ങൾക്കുശേഷം പരിശോധന നടത്തിയതിനാൽ പരിക്കുകളുണ്ടായിരുന്നെങ്കിൽ ഉണങ്ങിയിരിക്കാമെന്ന ഡോക്ടറുടെ വിശദീകരണം കോടതി കണക്കിലെടുത്തു. കുടുംബവും പ്രതിയും തമ്മിൽ സ്വത്തുമായി ബന്ധപ്പെട്ട തർക്കമുണ്ടായിരുന്നെന്ന വാദവും പീഡനാരോപണം വ്യാജമാണെന്ന് തെളിയിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

തൃശ്ശൂർ പ്രത്യേക കോടതി ബലാത്സംഗക്കേസിൽ 10 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, ലൈംഗിക അതിക്രമത്തിന് മൂന്ന് വർഷത്തെ കഠിനതടവും 25,000 രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികളിലെ വൈരുധ്യങ്ങളും ഫോൺ രേഖകളുടെ ആധികാരികതയെക്കുറിച്ചുള്ള പ്രതിഭാഗത്തിന്റെ വാദങ്ങളും പരിശോധിച്ച ഹൈക്കോടതി, അവയൊന്നും ഇരയുടെ മൊഴിയുടെ വിശ്വാസ്യത തകർക്കുന്നില്ലെന്ന് കണ്ടെത്തി. ഇതോടെ പ്രതിയുടെ അപ്പീൽ തള്ളുകയും കീഴ്ക്കോടതിയുടെ ശിക്ഷ നിലനിർത്തുകയും ചെയ്തു.

Tags