കാലടി സംസ്കൃത സർവകലാശാല വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി; അന്വേഷണ റിപ്പോർട്ടും തള്ളി
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് 16 വിദ്യാർഥികൾക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ചാണ് സർവകലാശാലയ്ക്ക് കനത്ത തിരിച്ചടിയാകുന്ന സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.വിദ്യാർഥികൾക്കെതിരെ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് കോടതി പൂർണമായും തള്ളി. വിഷയത്തിൽ സർവകലാശാലയ്ക്ക് വേണമെങ്കിൽ പുനരന്വേഷണം നടത്താമെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണം നടക്കുന്ന കാലയളവിൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ പാടില്ലെന്നും കർശന നിർദേശം നൽകി.
സസ്പെൻഷൻ റദ്ദായതോടെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള തടസ്സം നീങ്ങി. ആറാഴ്ചയ്ക്കുള്ളിൽ ഇവർക്കായി പ്രത്യേക പരീക്ഷ നടത്തണമെന്നും, അതിന് അച്ചടക്ക നടപടിയോ ശിക്ഷാവിധിയോ തടസ്സമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സർവകലാശാലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്തതിനെ തുടർന്നാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. മാപ്പപേക്ഷ നൽകിയാൽ മാത്രമേ സസ്പെൻഷൻ പിൻവലിക്കാൻ സാധിക്കൂ എന്ന കടുത്ത നിലപാടിലായിരുന്നു സർവകലാശാല അധികൃതരും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും. എന്നാൽ മാപ്പപേക്ഷ നൽകില്ലെന്ന ഉറച്ച നിലപാടുമായി എസ്എഫ്ഐയും വിദ്യാർഥികളും സമരം തുടരുകയായിരുന്നു.
നേരത്തെ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും, സർവകലാശാലയുടെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. തുടർന്ന് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയതും ഇപ്പോൾ വിദ്യാർഥികൾക്ക് അനുകൂലമായ വിധി ഉണ്ടായതും.
.jpg)

