പമ്പ മലിനമാക്കുന്നവർക്ക് 5,000 രൂപ വരെ തത്സമയം പിഴ ; ഉത്തരവ് ഹൈക്കോടതി ശരിവച്ചു

On-the-spot fines of up to ₹5,000 for those polluting the Pamba; High Court upholds the order.


 ശബരിമല : ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് പമ്പയിൽ വസ്ത്രങ്ങളും മാലിന്യവും നിക്ഷേപിക്കുന്നവർക്കെതിരെ 5,000 രൂപ വരെ തത്സമയം പിഴ ഈടാക്കാനുള്ള എ.ഡി.എമ്മിന്റെ ഉത്തരവ് ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ.വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. പമ്പയെ മലിനമാക്കുന്ന പ്രവൃത്തികൾ തടയുന്നതിനായി കോടതി നേരത്തെ നൽകിയ നിർദേശങ്ങൾക്ക് അനുസൃതമാണ് എ.ഡി.എമ്മിന്റെ നടപടിയെന്ന് ബെഞ്ച് വ്യക്തമാക്കി. ബി.എൻ.എസ്.എസ് സെക്ഷൻ 163 പ്രകാരമാണ് എ.ഡി.എം ദിലീപ് കെ കൈനിക്കര നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

ശബരിമലയിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളെക്കുറിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി) സമർപ്പിച്ച പരിശോധന റിപ്പോർട്ട് കോടതി പരിഗണിച്ചു. ഇൻസിനറേറ്റർ പൂർണ്ണമായും അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കുകയും സ്വിച്ചുകൾ, ഡീസൽ പമ്പുകൾ, ബ്ലോവറുകൾ എന്നിവയുടെ തകരാറുകൾ പരിഹരിക്കുകയും വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇൻസിനറേറ്റർ കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി സ്ഥാപിച്ച് മഴവെള്ളം അകത്തേക്ക് കടക്കുന്നത് തടയണം. തരംതിരിക്കാത്ത മാലിന്യങ്ങൾ, പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകൾ എന്നിവ ഇൻസിനറേറ്ററിലേക്ക് ഇടുന്നത് ഒഴിവാക്കണം. വൻതോതിൽ പൂക്കൾ ഇൻസിനറേറ്ററിലേക്ക് തള്ളുന്നത് അതിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കോടതിയെ അറിയിച്ചു.

പമ്പ ആറാട്ടുകടവിലും തീരങ്ങളിലും ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിനായി നിയോഗിച്ച കുത്തകക്കാരന്റെ ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച് ദേവസ്വം ബോർഡ് വ്യക്തത വരുത്തണമെന്നും ബോർഡ് പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ശുപാർശകളിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് കോടതി നിർദേശിച്ചു. കേസ് ഡിസംബർ എട്ടിന് വീണ്ടും പരിഗണിക്കും.

Tags