മദ്യപിച്ച് വാഹനാപകടമുണ്ടായാൽ ഉടൻ ലൈസൻസ് റദ്ദാക്കാൻ ഹൈക്കോടതി നിർദേശം

High Court orders immediate cancellation of license if drunk driving causes accident

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളിൽ ഡ്രൈവിങ് ലൈസൻസ് ഉടൻ തന്നെ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി. പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധി വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നും, ലൈസൻസ് ഉടമയ്ക്ക് വിശദീകരണം നൽകാൻ അവസരം നൽകിയ ശേഷം ഇത് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യാമെന്നും കോടതി വ്യക്തമാക്കി. വേഗപരിധി ലംഘനം, ചുവന്ന സിഗ്‌നൽ മറി കടക്കൽ, അധികഭാരം കയറ്റൽ, മദ്യപിച്ചോ ലഹരിമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിക്കൽ, മൊബൈൽ ഫോൺ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ലൈസൻസ് മൂന്നുമാസമെങ്കിലും സസ്പെൻഡ് ചെയ്യാൻ സുപ്രീം കോടതി നിർ‌ദേശിച്ചിട്ടുള്ളതായും ഹൈക്കോടതി ഓർമ്മിപ്പിച്ചു.

ഒക്ടോബറിൽ കുന്നംകുളം-ചൂണ്ടൽ റോഡിൽ മദ്യലഹരിയിൽ കാറോടിച്ച് ബൈക്ക് യാത്രക്കാരനായ ലെനിന്റെ മരണത്തിനിടയാക്കിയ കേസിൽ പ്രതിയായ കണിപ്പയ്യൂർ സ്വദേശി ഗീവർഗീസ് നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിർദേശം. അന്വേഷണം ഏറക്കുറെ പൂർത്തിയായതും പ്രതിക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലാത്തതും പരിഗണിച്ച് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു.

Tags