മാനസിക ചികിത്സാ കേന്ദ്രങ്ങൾക്ക് പുതിയ പേര് നിർദേശിച്ച് ഹൈകോടതി
കൊച്ചി : സംസ്ഥാനത്തെ മാനസികാരോഗ്യ ചികിത്സാ കേന്ദ്രങ്ങളുടെ പേരുമാറ്റവുമായി ബന്ധപ്പെട്ട് ഹൈകോടതി വീണ്ടും സർക്കാറിന്‍റെ നിലപാട് തേടി. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് ‘ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്റർ’ എന്നാക്കാനുള്ള തീരുമാനം ഐ.എം.എയും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും എതിർത്തതോടെ പുതിയ പേര് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിക്കുകയായിരുന്നു.
പേരിൽ വൈദ്യശാസ്ത്ര ശാഖയുടെയും ചികിത്സയുടെയും ശാസ്ത്രീയ സ്വഭാവം കൂടി പ്രതിഫലിക്കുകയും ‘ബിഹേവിയറൽ ഹെൽത്ത്’ എന്ന വാക്കുകൂടി പേരിന്റെ ഭാഗമാക്കുകയും വേണമെന്ന നിർദേശം ഐ.എം.എ അടക്കം മുന്നോട്ടു വെച്ചിരുന്നു. തുടർന്ന് ‘റീജിനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ ഹെൽത്ത് ആൻഡ് വെൽനസ്’ എന്ന മാതൃകയിലുള്ള പേര് കോടതി നിർദേശിച്ചു.
ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാർ സമയം തേടിയതിനെ തുടർന്ന് വിഷയം ഡിസംബർ ഒന്നിന് പരിഗണിക്കാൻ മാറ്റി. സംസ്ഥാനത്തെ മാനിസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഹരജിയാണ് കോടതിലുള്ളത്.
.jpg)

