പട്ടയം ലഭിച്ച ഭൂമിയിൽ വളരുന്ന മരങ്ങളുടെ പൂർണ്ണ ഉടമസ്ഥാവകാശം പട്ടയക്കാരന്: ഹൈക്കോടതിയുടെ സുപ്രധാന വിധി
കൊച്ചി: സർക്കാരിൽ നിന്നും പട്ടയം ലഭിച്ചതിന് ശേഷം ഭൂമിയിൽ നട്ടുവളർത്തുകയോ സ്വാഭാവികമായി വളരുകയോ ചെയ്യുന്ന തേക്ക്, ഈട്ടി, കരിമരം, ചന്ദനം തുടങ്ങിയ വിലപിടിപ്പുള്ള മരങ്ങളുടെ പൂർണ്ണ ഉടമസ്ഥാവകാശം പട്ടയക്കാരനാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അത്തരം മരങ്ങളുടെ മേൽ സർക്കാരിന് ഉടമസ്ഥാവകാശം അവകാശപ്പെടാൻ നിലവിലെ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ അപ്പീൽ തള്ളി.
1960-ലെ കേരള ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം നൽകിയ പട്ടയത്തിലെ ഒന്നാം നിബന്ധനയനുസരിച്ച് മരങ്ങൾ സംരക്ഷിക്കാൻ പട്ടയക്കാരന് ബാധ്യതയുണ്ടെന്നും, അതിനാൽ ഭാവിയിൽ വളരുന്ന മരങ്ങളുടെ ഉടമസ്ഥാവകാശവും സർക്കാരിനാണെന്നുമായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ, പട്ടയം നൽകുന്ന സമയത്ത് ഷെഡ്യൂളിൽ പ്രത്യേകം സംവരണം ചെയ്ത മരങ്ങളിൽ മാത്രമാണ് സർക്കാരിന് അവകാശമുള്ളതെന്ന് കോടതി വ്യക്തമാക്കി. മരങ്ങൾ സംരക്ഷിക്കണം എന്ന നിബന്ധന കേവലം ഒരു ബാധ്യത മാത്രമാണെന്നും അത് സർക്കാരിന് ഉടമസ്ഥാവകാശം നൽകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവിധ ഭൂനിയമങ്ങളും മുൻവിധികളും പരിശോധിച്ച കോടതി, അസൈൻമെന്റ് സമയത്ത് സർക്കാർ വ്യക്തമായി ഒഴിവാക്കിയവ ഒഴികെ, ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന എല്ലാ പ്രകൃതിദത്ത വളർച്ചകളുടെയും അവകാശം ഭൂവുടമയ്ക്കാണെന്ന് വ്യക്തമാക്കി. വ്യക്തമായ നിയമവ്യവസ്ഥയില്ലാതെ ഭാവിയിൽ വളരുന്ന മരങ്ങളിൽ അവകാശം ഉന്നയിക്കാൻ സർക്കാരിന് കഴിയില്ലെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി വിധി, സംസ്ഥാനത്തെ ആയിരക്കണക്കിന് പട്ടയ ഉടമകൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
.jpg)

