സന്ന്യാസജീവിതം തിരഞ്ഞെടുത്തതുകൊണ്ടുമാത്രം ഒരാൾക്ക് പിന്തുടർച്ചാവകാശപ്രകാരമുള്ള സ്വത്തവകാശം നഷ്ടമാകില്ല : ഹൈക്കോടതി

Just because you repay the loan, you cannot be exempted from the ED case; High Court rejects the petition in Karuvannur case

 കൊച്ചി : സന്ന്യാസജീവിതം തിരഞ്ഞെടുത്തതുകൊണ്ടുമാത്രം ഒരാൾക്ക് പിന്തുടർച്ചാവകാശപ്രകാരമുള്ള സ്വത്തവകാശം നഷ്ടമാകില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമങ്ങൾക്കും ആചാരങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും മുകളിൽ നിയമനിർമാണ സഭ പാസാക്കിയ നിയമമാണ് നിലനിൽക്കുകയെന്ന് ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി. ക്രിസ്ത്യൻ പുരോഹിതർക്കോ സന്ന്യാസിനികൾക്കോ സ്വത്തവകാശത്തിന്റെ കാര്യത്തിൽ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പിതാവിന്റെ ഭൂമി സർക്കാർ ഏറ്റെടുത്തതിനെത്തുടർന്ന് ലഭിച്ച നഷ്ടപരിഹാരത്തുകയും ആശ്വാസധനവും ആറ് മക്കൾക്കും തുല്യമായി വീതിച്ചു നൽകണമെന്ന കോഴിക്കോട് അഡീഷണൽ ജില്ലാ കോടതി ഉത്തരവിനെതിരായ ഹർജി തള്ളിയാണ് ഹൈക്കോടതി നിരീക്ഷണം നടത്തിയത്. താമരശ്ശേരി നെല്ലിപ്പോയിൽ സ്വദേശി എ.എം. ജോസാണ് ഹർജി നൽകിയത്. പിതാവ് മാണിയുടെ പേരിലുണ്ടായിരുന്ന 3.295 ഏക്കർ ഭൂമി ഏറ്റെടുത്തതിന് 3,74,34,449 രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചത്.

മാറിത്താമസിച്ച സഹോദരങ്ങൾക്കും സന്ന്യാസജീവിതം സ്വീകരിച്ച സഹോദരിക്കും ആശ്വാസധനത്തിന് അർഹതയില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ തറവാട്ടുസ്വത്ത് നഷ്ടപ്പെടുമ്പോഴുള്ള വൈകാരിക വിഷമത്തിന് നൽകുന്ന ആശ്വാസധനത്തിൽ ഭൂമി നോക്കിനടത്തിയ സഹോദരന് മാത്രം പ്രത്യേക അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. രജിസ്റ്റർ ചെയ്യാത്ത കുടുംബധാരണാപത്രത്തിലൂടെ സഹോദരൻ അവകാശം ഉപേക്ഷിച്ചെന്ന വാദവും നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

Tags