കോടതിയുടെ കസ്റ്റഡിയിലിരുന്ന ഫിക്സഡ് ഡെപ്പോസിറ്റ് തുക രഹസ്യമായി പിന്‍വലിച്ച ശേഷം കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി ; അഴിമതിക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: കോടതിയുടെ കസ്റ്റഡിയിലിരുന്ന ഫിക്സഡ് ഡെപ്പോസിറ്റ് തുക രഹസ്യമായി പിന്‍വലിച്ച ശേഷം കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ അഴിമതിക്കേസ് പ്രതിയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം സ്വദേശി പി ബി സൗരഭന്റെ(73)ശിക്ഷ മരവിപ്പിച്ച ഉത്തരവും ജാമ്യവുമാണ് കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതി ഉടന്‍ തന്നെ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. കീഴടങ്ങിയില്ലെങ്കില്‍ ശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിർദേശിച്ചു.
ഒറിജിനല്‍ എഫ് ഡി രസീതുകള്‍ കോടതിയുടെ പക്കലിരിക്കെ പണം വിട്ടുനല്‍കിയതില്‍ പ്രതിയും ബാങ്ക് ഉദ്യോഗസ്ഥരും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇക്കാര്യത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പൊലീസ് അന്വേഷണം നടത്തി നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നല്‍കിയ നിര്‍ദേശം. കോടതിയെ വഞ്ചിച്ച കുറ്റത്തിന് പ്രതിക്കും പങ്കാളികളായ മറ്റുള്ളവര്‍ക്കുമെതിരെ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് നടപടിയെടുക്കുന്നത് പരിഗണിക്കണമെന്ന് തിരുവനന്തപുരം സിബിഐ കോടതിക്കും നിര്‍ദേശം നല്‍കി.
.jpg)

