ഔദ്യോഗിക രേഖകളിൽ 'ദത്തെടുത്തത്' എന്ന് പ്രത്യേകമായി ചേർക്കുന്നത് ഹൈക്കോടതി വിലക്കി; സർട്ടിഫിക്കറ്റുകളിൽ 'മകൻ' അല്ലെങ്കിൽ 'മകൾ' എന്ന് മാത്രം മതിയെന്ന് ഉത്തരവ്
കൊച്ചി: സർക്കാർ നൽകുന്ന അനന്തരാവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക നിയമരേഖകളിൽ ബന്ധം രേഖപ്പെടുത്തുമ്പോൾ 'ദത്തെടുക്കപ്പെട്ട മകൾ' എന്നോ 'ദത്തെടുക്കപ്പെട്ട മകൻ' എന്നോ പ്രത്യേകമായി ചേർക്കുന്നത് കേരള ഹൈക്കോടതി വിലക്കി. ഇത്തരം രേഖകളിൽ 'മകൾ' അല്ലെങ്കിൽ 'മകൻ' എന്ന് മാത്രം രേഖപ്പെടുത്തിയാൽ മതിയെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. തൃശൂർ സ്വദേശിനിയായ ഹർജിക്കാരിയുടെ ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.
തൃശൂർ തഹസിൽദാർ നൽകിയ അനന്തരാവകാശ സർട്ടിഫിക്കറ്റിൽ ഹർജിക്കാരിയുടെ ബന്ധം 'ദത്തെടുക്കപ്പെട്ട മകൾ' എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. മുൻപ് മാതാവിന്റെ മരണശേഷം നൽകിയ സർട്ടിഫിക്കറ്റിലും വില്ലേജ് ഓഫീസിലെ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റിലും 'മകൾ' എന്ന് മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കൃത്യത ഉറപ്പാക്കാനാണ് ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മാർഗ്ഗനിർദ്ദേശപ്രകാരം 'ദത്തെടുക്കപ്പെട്ട മകൾ' എന്ന ഓപ്ഷൻ നൽകിയതെന്നായിരുന്നു റവന്യൂ അധികൃതരുടെ വിശദീകരണം.
1956-ലെ ഹിന്ദു ദത്തെടുക്കലും പരിപാലനവും നിയമത്തിലെ 12-ാം വകുപ്പ് പ്രകാരം, ദത്തെടുക്കപ്പെടുന്ന തീയതി മുതൽ കുട്ടി ദത്തെടുത്ത മാതാപിതാക്കളുടെ സ്വന്തം കുട്ടിയായി മാറുന്നുവെന്ന് കോടതി വ്യക്തമാക്കി. സമൂഹവും നിയമവും ഒരു കുട്ടിയെ ജൈവികമായ മാതാപിതാക്കളുടെ മകനായോ മകളായോ അംഗീകരിക്കുമ്പോൾ ഔദ്യോഗിക രേഖകളിൽ 'ദത്തെടുത്തത്' എന്ന് പ്രത്യേക വിശേഷണം ചേർക്കേണ്ടതില്ല. കുട്ടികളുടെ വ്യക്തിഗത സ്വകാര്യതയും വൈകാരിക വശങ്ങളും പരിഗണിച്ച് ഇ-ഡിസ്ട്രിക്റ്റ് പോർട്ടലിൽ ദത്തെടുക്കപ്പെട്ട കുട്ടികളെ വേർതിരിച്ചു കാണിക്കുന്ന വ്യവസ്ഥ സർക്കാർ ഉടനടി നീക്കം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു.
ഹർജിക്കാരിക്ക് 'ദത്തെടുക്കപ്പെട്ട മകൾ' എന്ന് രേഖപ്പെടുത്തി നൽകിയ സർട്ടിഫിക്കറ്റ് കോടതി റദ്ദാക്കി. ബന്ധം 'മകൾ' എന്ന് മാത്രം രേഖപ്പെടുത്തി പുതിയ സർട്ടിഫിക്കറ്റ് രണ്ട് ആഴ്ചയ്ക്കകം നൽകാൻ തൃശൂർ തഹസിൽദാ Aയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ഇ-ഡിസ്ട്രിക്റ്റ് പോർട്ടലിലെ മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്താൻ സർക്കാരിന് ഒരു മാസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
.jpg)

