ബിജെപി സ്ഥാനാർഥി ഗോപാലകൃഷ്ണന്റെ പരാമര്‍ശം ഗൗരവതരം; എന്തു നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി

BJP candidate Gopalakrishnan's remarks are serious; High Court asks what action has been taken

 കൊച്ചി: ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന്  തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞ് ഹൈക്കോടതി.വിവാദ പ്രസ്താവനയ്‌ക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ഗോപാലകൃഷ്ണന്റെ പരാമര്‍ശം ഗൗരവമെന്നും കോടതി നിരീക്ഷിച്ചു. പരാതികളില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

വിവാദ പ്രസ്താവനയില്‍ ഗോപാലകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗോപാലകൃഷ്ണന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ മറ്റ് പരാതികളുമുണ്ട്. പരാതികള്‍ പരിശോധിക്കുകയാണെന്നും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. കെ എസ് യു നേതാവാണ് ഹര്‍ജി നല്‍കിയത്.

മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നു എന്നതിനാല്‍ മറ്റെല്ലാ നടപടികളും ഇല്ലാതാകുന്നുണ്ടോ?. കൃത്യമായ നിയമപരിപാലനം നടക്കാതിരിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. രണ്ടുമാസത്തിനകം തീരുമാനം ഉണ്ടാകണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് ഘട്ടമായതിനാല്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതി സൂചിപ്പിച്ചു.

Tags