സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ മുതല്‍ റെഡ് അലര്‍ട്ട്; തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിനും സാധ്യത
തിരുവനന്തപുരം: ഇരട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രവും തീവ്രവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമഴ പ്രവചിച്ചിരിക്കുന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പാലക്കാട്, ഇടുക്കി ജില്ലകളിലും റെഡ് അലർട്ട് ബാധകമാണ്. ഇന്നും നാളെയുമായി എല്ലാ ജില്ലകളിലും വിവിധ ജാഗ്രതാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
ഇന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ കണ്ണൂർ, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും കാസർകോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപിനും മുകളിലായി ഒരു ന്യൂനമർദ്ദവും, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറി വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
.jpg)


