തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Skymet with monsoon weather forecast? Rain indications this time..

തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ സാധാരണയില്‍ കുറഞ്ഞ മഴ മാത്രമേ ലഭിക്കൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) ഗണ്യമായി കുറഞ്ഞതിന് പിന്നാലെ, വരാനിരിക്കുന്ന തുലാവര്‍ഷത്തില്‍ (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) സംസ്ഥാനത്ത് മഴലഭ്യതയില്‍ പ്രാദേശികമായ വലിയ വ്യത്യാസത്തിന് സാധ്യത.

തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ സാധാരണയില്‍ കുറഞ്ഞ മഴ മാത്രമേ ലഭിക്കൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ഉപദ്വീപില്‍ പൊതുവെ സാധാരണ നിലയിലുള്ള മഴ ലഭിക്കും. എന്നാല്‍ ഇത് സംസ്ഥാനത്തുടനീളം ഒരുപോലെ ആയിരിക്കില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മണ്‍സൂണിനെ അപേക്ഷിച്ച് തുലാവര്‍ഷത്തിന്റെ സ്വഭാവം കൂടുതല്‍ പ്രവചനാതീതവും പ്രാദേശികവുമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും സഞ്ചാരപഥത്തെ ആശ്രയിച്ചായിരിക്കും കേരളത്തിലെ തുലാവര്‍ഷ ലഭ്യത. ഒന്നോ രണ്ടോ അനുകൂലമായ ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടാല്‍ പോലും മഴയുടെ കണക്കുകള്‍ പൂര്‍ണമായും മാറിയേക്കാം.

ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ 1,446.5 മില്ലീമീറ്റര്‍ മഴ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. 1901ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏഴാമത്തെയും 2001ന് ശേഷമുള്ള നാലാമത്തെയും കുറഞ്ഞ കാലവര്‍ഷമായിരുന്നു ഇത്.

അതിനാല്‍ തുലാവര്‍ഷ പ്രവചനം സംസ്ഥാനത്തിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഇതോടൊപ്പം, പകല്‍ സമയത്തെ താപനില സാധാരണ നിലയേക്കാള്‍ ഉയര്‍ന്നുനില്‍ക്കാന്‍ സാധ്യതയുണ്ട്. തുലാവര്‍ഷത്തില്‍ സാധാരണയായി ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ആയിരിക്കും ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുക.

Tags