ഇടുക്കിയില്‍ കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും; മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധിച്ച് ജില്ലാ ഭരണകൂടം
വൈകിട്ട് ഏഴ് മുതല്‍ രാവിലെ ആറു വരെയാണ് നിയന്ത്രണം.
ഇടുക്കിയില്‍ കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും ഉള്ളതിനാല്‍ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയിലെ മലയോര മേഖലകളില്‍ രാത്രിയാത്രകള്‍ നിരോധിച്ചു. വൈകിട്ട് ഏഴ് മുതല്‍ രാവിലെ ആറു വരെയാണ് നിയന്ത്രണം. അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നത് വരെ സാഹസിക വിനോദ കേന്ദ്രങ്ങള്‍ അടച്ചിടാനും നിര്‍ദേശം നല്‍കി.
അതേസമയം, മൂന്നാറില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാല്‍ പഴയ മൂന്നാറില്‍ നിന്നും വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. വാഹനങ്ങള്‍ സിഎസ്‌ഐ പള്ളിക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡില്‍ പ്രവേശിച്ച ശേഷം പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്നുവേണം ടൗണില്‍ എത്തേണ്ടത്.
ഇടുക്കിയില്‍ ഇടവിട്ട് മഴ തുടരുകയാണ്. അടിമാലി പഴംമ്പള്ളിച്ചാലില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ പലയിടത്തും മരം വീണു. അതേസമയം, അടിമാലി മേഖലയില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
.jpg)

