കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ ശക്തമാകും ; രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Relief from the intense heat; Rain likely from the day after tomorrow

 തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസംകൂടി വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന് എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
ജാഗ്രത നിർദ്ദേശങ്ങൾ

-ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ജനലുകളും വാതിലുകളും അടച്ചിടണം. ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക.

-മിന്നൽ സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ടെലഫോൺ ഉപയോഗം ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല.

- അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ തുറസായ സ്ഥലത്തോ ടെറസിലോ കളിക്കാൻ അനുവദിക്കരുത്. ഇടിമിന്നലുള്ളപ്പോൾ മരച്ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകടകരമാണ്.

-സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലുള്ള യാത്ര മിന്നൽ സമയത്ത് ഒഴിവാക്കണം. കാറിനുള്ളിലോ മറ്റ് അടച്ച വാഹനങ്ങൾക്കുള്ളിലോ ഇരിക്കുന്നത് താരതമ്യേന സുരക്ഷിതമാണ്.

-ഇടിമിന്നൽ സമയത്ത് കുളിക്കുന്നതും ടാപ്പുകളിൽനിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. മത്സ്യബന്ധനത്തിലേർപ്പെടുന്നവർ കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായി കരയിലെത്തണം.

-കന്നുകാലികളെയും മറ്റ് വളർത്തുമൃഗങ്ങളെയും തുറസായ സ്ഥലത്ത് കെട്ടരുത്. മഴ തുടങ്ങുമ്പോൾ അവയെ മാറ്റിക്കെട്ടാൻ പോകുന്നത് മിന്നലേൽക്കാൻ കാരണമായേക്കാം.

മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല എന്നതിനാൽ പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റാൽ ആദ്യ 30 സെക്കൻഡുകൾ ജീവൻ രക്ഷിക്കാനുള്ള നിർണ്ണായക നിമിഷങ്ങളാണ്. എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുക.

-ശക്തമായ കാറ്റിൽ മരങ്ങൾ വീഴാനോ വസ്തുക്കൾ മറിഞ്ഞുവീഴാനോ സാധ്യതയുള്ളതിനാൽ ചുറ്റുപാടുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു.

Tags