സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് 8 ജില്ലകളിൽ ആഗസ്റ്റ് 4 ന് (ഇന്ന്) റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്കാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് ആഗസ്റ്റ് 5 ന് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നും നാളെയും തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെയും മഞ്ഞ അലർട്ടാണ്.
അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ, നദീതീരങ്ങൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ദുരന്തസാധ്യതയുള്ള മേഖലകളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ടോയെന്ന് ഉറപ്പാക്കി ആവശ്യമായാൽ പകൽ സമയത്തുതന്നെ അവിടേക്ക് മാറണമെന്നും നിർദേശമുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ദുർബലമായ വീടുകളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. മരങ്ങൾ കടപുഴകി വീഴുന്നതും വൈദ്യുത പോസ്റ്റുകളും പരസ്യബോർഡുകളും തകരുന്നതുമൂലമുള്ള അപകടസാധ്യതയും കണക്കിലെടുക്കണമെന്ന് അധികൃതർ അറിയിച്ചു.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കുകയോ നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കുകയോ മീൻപിടിക്കുകയോ ചെയ്യരുത്. ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽ കയറി കാഴ്ച കാണുന്നതും സെൽഫി എടുക്കുന്നതും ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുകയും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ മാറ്റിവയ്ക്കുകയും വേണം.
അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അടിയന്തര ആവശ്യങ്ങൾക്കുള്ള എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണമെന്നും എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകളിലേക്കോ ടോൾ ഫ്രീ നമ്പറുകളായ 1077, 1070 എന്നിവയിലേക്കോ സഹായത്തിനായി ബന്ധപ്പെടാമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റം വരുത്തുന്നതിനനുസരിച്ച് അലർട്ടുകളിലും മാറ്റമുണ്ടാകാമെന്നും ഏറ്റവും പുതിയ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
.jpg)

