ഒരു മണിക്കൂറിൽ 9 സെന്റീമീറ്റർ പെരുമഴ; വെള്ളത്തിൽ മുങ്ങി തിരുവനന്തപുരം നഗരം

Heavy rain of 9 centimeters in an hour; Thiruvananthapuram city submerged in water

തിരുവനന്തപുരം: ഒരു മണിക്കൂറിനിടെ പെയ്ത പെരുമഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിനടിയിലായി. രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒൻപത് സെന്റീമീറ്റർ (91 മില്ലിമീറ്റർ) മഴയാണ് നഗരത്തിൽ ലഭിച്ചത്. കനത്ത മഴയെ തുടർന്ന് തമ്പാനൂരിലും കിഴക്കേക്കോട്ടയിലും പരിസരപ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. തുലാവർഷ സമയത്ത് സാധാരണ ലഭിക്കുന്ന തീവ്രമായ മഴയാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തമ്പാനൂർ എസ്.എസ് കോവിൽ റോഡിലാണ് വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. ചില ഇരുചക്രവാഹനങ്ങൾ വെള്ളത്തിന്റെ ഒഴുക്കിൽ മറിഞ്ഞുവീണു. തമ്പാനൂർ റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡിനും മുന്നിലെ റോഡ് പൂർണ്ണമായി വെള്ളത്തിലായതോടെ ഗതാഗതം സ്തംഭിച്ചു.

ബസ്സുകൾ ഒഴികെയുള്ള വാഹനങ്ങൾ പൊലീസ് വഴിതിരിച്ചുവിട്ടു. റോഡിൽ മുട്ടോളം നിറഞ്ഞ മലിനജലത്തിലൂടെ നടന്നാണ് നൂറുകണക്കിന് യാത്രക്കാർ റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും എത്തിയത്. ആമയിഴഞ്ചാൻ തോട്ടിൽ നിന്നുള്ള മാലിന്യവും പ്ലാസ്റ്റിക് മാലിന്യങ്ങളും റോഡുകളിലേക്ക് ഒഴുകിയെത്തിയതും യാത്രക്കാർക്കും കടയുടമകൾക്കും ദുരിതമായി. അതേസമയം, മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags