സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ; കണ്ണൂർ ഉൾപ്പടെ 7 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് നിർദ്ദേശം

Heavy rain likely in the state today; Yellow alert in 7 districts including Kannur, fishing advised

തിരുവനന്തപുരം: അടുത്ത രണ്ടുദിവസത്തേക്ക് സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. നാളെ അഞ്ച് ജില്ലകള്‍ക്കും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. വടക്കന്‍ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ടുള്ളത്. ഇന്നും നാളെയും കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഈ ദിവസങ്ങളില്‍ കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന രണ്ടു ദിവസങ്ങളില്‍ വടക്കന്‍ തമിഴ്നാട് തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.
 

Tags