തലസ്ഥാനത്ത് ശക്തമായ മഴ; അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ മഴ തുടരും
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.ആന്ധ്ര തീരത്ത് നിലനിൽക്കുന്ന തീവ്ര ന്യൂനമർദ്ദത്തിന് പുറമെ, ലക്ഷദ്വീപിന് മുകളിലും തെക്കൻ തമിഴ്‌നാട്ടിന് മുകളിലുമായി ചക്രവാതച്ചുഴികളും നിലനിൽക്കുന്നുണ്ട്.
ഇവയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുന്നത്. ഇന്ന് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാൽ കടൽക്ഷോഭം രൂക്ഷമായ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
.jpg)

