കേരളത്തിൽ കടുത്ത ഉഷ്ണതരംഗ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
പാലക്കാട് ജില്ലയിൽ താപനില 41 °C വരെ ഉയർന്നേക്കും. കൊല്ലം, തൃശൂർ ജില്ലകളിൽ 40 °C വരെയും കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ചൂട് കൂടും. ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 °C വരെയും തിരുവനന്തപുരത്ത് 36 °C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.
വരും ദിവസങ്ങളിലും (ഏപ്രിൽ 25, 26) സമാനമായ രീതിയിൽ ചൂട് തുടരും. താപനില വർധിക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടുന്നതും കടുത്ത അസ്വസ്ഥതയ്ക്ക് കാരണമാകും.
മലയോര മേഖലകളിലൊഴികെ സംസ്ഥാനത്തുടനീളം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
ജാഗ്രതാ നിർദേശങ്ങൾ:
പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ പ്രത്യേക ശ്രദ്ധ പുലർത്തണം.
സൂര്യാതപം, സൂര്യാഘാതം എന്നിവയേറ്റാൽ ഉടനടി ചികിത്സ തേടുക.
.jpg)

