സംസ്ഥാനത്ത് കടുത്ത ചൂട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വർധിക്കാനിടയുള്ളതിനാല്‍ സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരെ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് റെക്കോർഡ് നിലയിലേക്ക്. ഉയർന്ന താപനില കണക്കിലെടുത്ത് വോട്ടെടുപ്പ് ദിനമായ വ്യാഴാഴ്ച വരെ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വർധിക്കാനിടയുള്ളതിനാല്‍ സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
വ്യാഴാഴ്ച വരെ പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു
.jpg)


