സംസ്ഥാനത്ത് ചൂട് കുതിച്ചുയരുന്നു ; താപനില 4 ഡിഗ്രി വരെ ഉയർന്നേക്കും

Kerala is scorching hot; Central Meteorological Department issues heat wave warning in the state

  തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കുതിച്ചുയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഒക്ടോബർ 28 മുതൽ നവംബർ 1 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂട് കാരണം സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കർശന മുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് തുടർച്ചയായി വെയിലേൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ, കുട, തൊപ്പി എന്നിവ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം, കരിക്കിൻ വെള്ളം എന്നിവയുടെ ഉപയോഗം കൂട്ടുക. സ്കൂളുകളിൽ ശുദ്ധജലവും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുക. വിനോദയാത്രകളിൽ ഉച്ചസമയത്ത് നേരിട്ട് വെയിലേൽക്കാതെ ശ്രദ്ധിക്കുക.

കടുത്ത ചൂടിൽ മാർക്കറ്റുകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ, വനമേഖലകൾ എന്നിവിടങ്ങളിൽ തീപിടിത്തത്തിനും കാട്ടുതീക്കും സാധ്യത കൂടുതലായതിനാൽ ഫയർ ഓഡിറ്റ് നടത്തുകയും ജാഗ്രത പാലിക്കുകയും വേണം. കിടപ്പുരോഗികൾ, ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർ ഉച്ചസമയത്ത് നേരിട്ട് വെയിലേൽക്കരുത്. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, മാധ്യമപ്രവർത്തകർ, പൊലീസുകാർ എന്നിവർ ആവശ്യത്തിന് വിശ്രമവും കുടിവെള്ളവും ഉറപ്പാക്കണം. ഉച്ചവെയിലിൽ വളർത്തുമൃഗങ്ങളെ മേയാൻ വിടുന്നതും കെട്ടിയിടുന്നതും ഒഴിവാക്കുക. വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ തനിച്ചാക്കി പോകരുത്. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം.

Tags