കനത്ത ചൂടിന് ആശ്വാസം, താപനില സാധാരണ നിലയിലേക്ക്‌

Relief from the intense heat; Rain likely from the day after tomorrow

 തിരുവനന്തപുരം: രണ്ടുമാസമായി സംസ്ഥാനത്തെ ചുട്ടെരിച്ച കടുത്ത വേനൽചൂടിന് ശമനമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ വേനൽമഴ ലഭിച്ചത് വ്യാഴാഴ്ച മുതൽ താപനില സാധാരണ നിലയിലേക്ക് എത്താൻ സഹായകമാകുമെന്ന് കാലാവസ്ഥ മേഖലയിലുള്ളവർ ചൂണ്ടികാണിക്കുന്നു. വരും ദിവസങ്ങളിലും ഇടവിട്ടുള്ള മഴ തുടരാനാണ് സാധ്യത.

ബുധനാഴ്ച ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. കൊല്ലം പുനലൂരിൽ താപനില 37.5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നുവെങ്കിലും വൈകീട്ടോടെ പെയ്ത മഴ ആശ്വാസമായി. തിരുവനന്തപുരം നഗരത്തിലും സമാനമായ രീതിയിൽ മഴ ലഭിച്ചു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വേനൽമഴയുടെ അളവിൽ കുറവുണ്ടാകാനാണ് സാധ്യതയെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ പറഞ്ഞു. കഴിഞ്ഞ വർഷം മാർച്ചിൽ തന്നെ മഴ സജീവമായിരുന്നുവെങ്കിൽ ഇക്കുറി ഏപ്രിൽ 27ഓടെയാണ് മഴ ലഭിച്ചു തുടങ്ങിയത്. മുൻവർഷം മേയ് 24ന് തന്നെ കാലവർഷം (മൺസൂൺ) എത്തിയിരുന്നു.

ഇത്തവണ വേനൽമഴ പ്രതീക്ഷിച്ച അളവിൽ ലഭിച്ചില്ലെങ്കിലും വരും ദിവസങ്ങളിലെ മഴ താപനില കുറക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.ഇടവിട്ട് ലഭിക്കുന്ന ഈ മഴ കാർഷിക മേഖലയ്ക്കും ആശ്വാസമാകും. എന്നാൽ ഉച്ചസമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. 

Tags