ഹീറ്റ് സ്‌ട്രോക്ക് മുന്നറിയിപ്പ്: ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക ...

Heat stroke warning: If you see these symptoms, seek immediate treatment...


മഞ്ചേരി: കേരളത്തിൽ ഉയർന്ന ചൂട് കാരണം ഉഷ്ണാഘാതം  പോലുള്ള ഗുരുതര അവസ്ഥകൾക്കും മരണങ്ങൾക്കും കാരണമാകുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൂട് തരംഗം ഒരു ‘നിശ്ശബ്ദ അപകടം’ആണ്. ശരിയായ സമയത്ത് മുൻകരുതൽ എടുത്താൽ ഇത് പൂർണമായും ഒഴിവാക്കാം.

ഉഷ്ണബാധ എങ്ങനെ സംഭവിക്കുന്നു?

നമ്മുടെ ശരീരത്തിന് ചൂട് നിയന്ത്രിക്കാൻ സ്വാഭാവിക സംവിധാനങ്ങളുണ്ട്. വിയർക്കൽ, രക്തക്കുഴലുകളുടെ വിപുലീകരണം എന്നിവ വഴിയാണിത് നടക്കുന്നത്. മനുഷ്യ മസ്തിഷ്കത്തിലെ ഹൈപ്പോതലാമസ് എന്ന അവയവമാണ് ഇതിനെ നിയന്ത്രിക്കുന്നത്. എന്നാൽ അത്യധികം ചൂടും ഈർപ്പവുമുള്ള സാഹചര്യത്തിൽ ഈ സംവിധാനം പര്യാപ്തമാകാറില്ല. അതിന്റെ ഫലമായി ഉഷ്ണബാധ സംഭവിക്കും. 

പേശിവേദന, ദുർബലത, തലചുറ്റൽ, ഛർദ്ദി, ഹീറ്റ് സ്‌ട്രോക്ക് (ശരീര താപനില 40°C-ൽ കൂടുതലായി ഉയരുന്നത്) എന്നിങ്ങനെ തീവ്രതയുടെ ക്രമത്തിൽ ഈ അസുഖത്തെ തരംതിരിച്ചിരിക്കുന്നു. ഇതിൽ ഹീറ്റ് സ്‌ട്രോക്ക് മിക്കപ്പോഴും മരണത്തിന് കാരണമാകുന്നു.

ഹീറ്റ് സ്‌ട്രോക്ക് ലക്ഷണങ്ങൾ

    വളരെ ഉയർന്ന ശരീരതാപനില
    വിയർപ്പ് കുറയുക അല്ലെങ്കിൽ നിൽക്കുക
    തലചുറ്റൽ, ബോധക്ഷയം
    ചർമം ചൂടുള്ളതും വരണ്ടതുമായിരിക്കുക

ഹൃദയമിടിപ്പ് വേഗത്തിൽ ഉയരുക ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അയാളെ ആശുപത്രിയിൽ എത്തിക്കണം. കുട്ടികൾ, മുതിർന്നവർ, ദീർഘനേരം പുറത്ത് ജോലി ചെയ്യുന്നവർ, നിർജലീകരണം ഉള്ളവർ, ഹൃദയ, വൃക്ക, പ്രമേഹരോഗികൾ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം.

സംരക്ഷണം നേടാൻ 

    ദാഹമില്ലെങ്കിലും ധാരാളം വെള്ളംകുടിക്കുക
    ലഘുവായ, വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
    പുറത്തുപോകുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക
    രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കുക. തൊഴിലാളികളുടെ ജോലിസമയം ക്രമീകരിക്കണം.
    ഒ.ആർ.എസ്., മോര്, തേങ്ങാവെള്ളം പോലുള്ള ദ്രാവകങ്ങൾ കുടിക്കുക.
    കുട്ടികളെയും മുതിർന്നവരെയും നിരന്തരം നിരീക്ഷിക്കുക
    പകൽസമയത് കുട്ടികൾ കളിക്കാൻ പോകുന്നത് ഒഴിവാക്കുക.
    ഇടയ്ക്കിടെ വെള്ളം കുടിക്കുക

ഒഴിവാക്കേണ്ട ശീലങ്ങൾ

    ദാഹം തോന്നിയശേഷം മാത്രം വെള്ളം കുടിക്കൽ
    കോഫി, മദ്യം എന്നിവയുടെ ഉപയോഗം
    കട്ടിയുള്ള ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ
    ചൂട് കൂടിയ സമയത്ത് കഠിനമായ ശാരീരികവ്യായാമം
    കുട്ടികളെ അടച്ചിട്ട വാഹനത്തിനുള്ളിലിട്ട് വാഹനം ഓഫ് ചെയ്യുക
    വെയിലത്ത്‌ കളിക്കുക

പ്രഥമശുശ്രൂഷ എങ്ങനെ

    രോഗിയെ തണുത്ത, അല്ലെങ്കിൽ വെയിൽ ഇല്ലാത്ത സ്ഥലത്തേക്ക് മാറ്റുക
    വസ്ത്രങ്ങളിൽ അയവ് വരുത്തുക
    ദേഹത്ത് തണുത്ത വെള്ളംതളിക്കുക അല്ലെങ്കിൽ ഐസ് പാക്ക് ഉപയോഗിക്കുക
    ബോധമുണ്ടെങ്കിൽ ഉപ്പിട്ട വെള്ളം കുടിക്കാൻ കൊടുക്കുക.
    ഉടൻ അടുത്ത ആശുപത്രിയിലേക്ക് മാറ്റുക.
 

Tags