സംസ്ഥാനത്ത് ചൂട് കനക്കുന്നു ; ഈ നിർദേശങ്ങൾ പാലിക്കുക
സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശം. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
തുടർച്ചയായി വെയിലേറ്റാൽ
തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നവർ എത്രയും വേഗം ചികിത്സ തേടണം.
അൾട്രാവയലറ്റ് അപകടം
സൂര്യപ്രകാശത്തിലെ ഒരു ഘടകമാണ് അൾട്രാവയലറ്റ് (യുവി) രശ്മികൾ. യുവി രശ്മികൾ അധികമായി നേരിട്ട് ശരീരത്തിൽ ഏൽക്കുമ്പോൾ പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാം. ഇത് ചർമ, നേത്ര സംബന്ധമായ പ്രശ്‌നങ്ങൾക്കും കാരണമാകാം.
കോശങ്ങളുടെ ഡിഎൻഎ നശിപ്പിച്ച് രോഗങ്ങൾക്കും കാൻസറിനും കാരണമായേക്കാം. ചർമ്മത്തിൻറെ നിറം മാറ്റം, ചർമത്തിലെ ചുളിവ് തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാക്കും. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൻറെ പ്രതിരോധശേഷിയേയും ബാധിക്കാം.
തൊപ്പി, കുട, സൺഗ്ലാസ്, സൺസ്‌ക്രീൻ
വെയിലിൻറെ കാഠിന്യമുള്ള രാവിലെ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ്, സൺസ്‌ക്രീൻ എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
വീട്ടിനുള്ളിലാണെങ്കിലും വെള്ളം കുടിക്കണം
ശരീരത്തിൽ നിന്നും അമിതമായ ജല നഷ്ടത്തിലൂടെ നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. വീട്ടിനുള്ളിലാണെങ്കിലും നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വെള്ളം കുടിക്കണം.
കുഞ്ഞുങ്ങൾ, പ്രായമായവർ, രോഗികൾ എന്നിവരെ സംബന്ധിച്ച് വീട്ടിനുള്ളിൽ പോലും ഇതുണ്ടാകാം. അതിനാൽ ഇത്തരക്കാർ ജലാംശം ഉറപ്പാക്കുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.
വീട്ടിനുള്ളിൽ വായു സഞ്ചാരം ഉറപ്പാക്കുക. അമിതമായി മധുരം ചേർത്തതും കാർബണേറ്റഡ് പാനീയങ്ങളും വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഇവ നിർജലീകരണത്തിന് കാരണമാകാം.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.
.jpg)

