എന്റെ ഹൃദയം വല്ലാതെ ഭാരപ്പെടുന്നു ; നീ ഇത്ര വേഗം യാത്രയാകുമെന്ന് കരുതിയില്ല - മേക്കപ്പ്മാന്റെ വിയോഗത്തിൽ നമിത പ്രമോദ്
കൊച്ചി: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരിച്ച സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലന്റെ വിയോഗത്തിൽ കുറിപ്പുമായി നടി നമിത പ്രമോദ്. ബിജീഷ് തനിക്ക് വെറുമൊരു മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമായിരുന്നില്ലെന്നും സ്വന്തം സഹോദരനെപ്പോലെ, കുടുംബാംഗമായിരുന്നുവെന്നും നമിത തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇനി ഒരു സെറ്റിലേക്ക് ബിജീഷ് ഇല്ലാതെ പോകുന്നതിന്റെ വേദനയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെ നമിത അറിയിച്ചു.
കുറിപ്പിങ്ങനെ..
പ്രിയപ്പെട്ട ബിജീ, @bijeeshmakeupartist
ഇന്ന് ഞാൻ അനുഭവിക്കുന്ന വേദന വാക്കുകൾക്ക് അതീതമാണ്. എന്റെ ഹൃദയം വല്ലാതെ ഭാരപ്പെടുന്നു. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ നിന്നെപ്പോലൊരാളെ എനിക്ക് നഷ്ടപ്പെടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. നീ ഇനി നമ്മോടൊപ്പമില്ല എന്ന സത്യം ഉൾക്കൊള്ളാൻ എനിക്ക് ഇപ്പോഴും കഴിയുന്നില്ല.
കഴിഞ്ഞ 8 വർഷത്തിലേറെയായി നീ എന്നെ ഒരു കൂടപ്പിറപ്പിനെപ്പോലെയാണ് നോക്കിയത്. നീ ഒരിക്കലും വെറുമൊരു മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമായിരുന്നില്ല, എന്റെ കുടുംബത്തിലെ ഒരാളായിരുന്നു. ജോലിസ്ഥലത്ത് ഓരോ ദിവസവും എന്നെ അത്രമേൽ സുരക്ഷിതയായും സന്തോഷവതിയായും തോന്നിപ്പിച്ചത് നീയായിരുന്നു. ഒരു സഹോദരനായാണ് ഞാൻ നിന്നെ എന്നും കണ്ടിരുന്നത്.
അത്രയും നിഷ്കളങ്കനും സത്യസന്ധനുമായിരുന്നു നീ... ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശുദ്ധമായ മനസ്സിനുടമ. തൃശ്ശൂർ പൂരത്തോടുള്ള നിന്റെ സ്നേഹവും ആവേശവും മറ്റാർക്കും ഇല്ലാത്തതായിരുന്നു, ഇങ്ങനെ നീ വിട്ടുപോയി എന്നത് എന്റെ ഹൃദയം തകർക്കുന്നു.
നീയില്ലാതെ ഇനിയൊരു ഷൂട്ടിംഗ് സെറ്റിലേക്ക് എങ്ങനെ കയറിച്ചെല്ലുമെന്ന് എനിക്കറിയില്ല. എന്റെ ജീവിതത്തിന്റെ അത്രയും പ്രധാനപ്പെട്ട ഭാഗമായിരുന്നു നീ.
ഞങ്ങൾക്ക് നീ എല്ലാം ആയിരുന്നു. ഇത്ര വേഗം നീ യാത്രയാകുമെന്ന് കരുതിയില്ല.
ഓരോ ദിവസവും ഞാൻ നിന്നെ മിസ്സ് ചെയ്യും.
ആദരാഞ്ജലികൾ, ബിജീ...
.jpg)

