പുതുവർഷത്തിൽ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെൽനസ്സ്'

veena
veena

തിരുവനന്തപുരം: പുതുവർഷത്തിൽ ആരോഗ്യ വകുപ്പ് 'ആരോഗ്യം ആനന്ദം - വൈബ് 4 വെൽനസ്സ്'എന്ന പേരിൽ ഒരു ക്യാമ്പയിൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൈബ് 4 വെൽനസ്സ് പ്രവർത്തങ്ങൾക്ക് 4 പ്രധാന ഘടകങ്ങൾ ഉണ്ടാകും. ആരോഗ്യകരമായ ഭക്ഷണം (Eat Well), പ്രായാനുസൃത വ്യായാമം (Act Well), കൃത്യമായ ഉറക്കം (Sleep Well), ആരോഗ്യ പരിപാലനം (care Well) എന്നിവയാണ് അവ. കേരളത്തിലെ ജനങ്ങളുടെ ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റം കൊണ്ടുവരുന്നതിനായാണ് സമഗ്ര ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന് മുന്നോടിയായി ഡിസംബർ 26ന് കാസർഗോഡ് നിന്നും ആരംഭിക്കുന്ന വിളംബര ജാഥ ജനുവരി ഒന്നാം തീയതി തിരുവനന്തപുരത്ത് എത്തിച്ചേരും. ജനുവരി ഒന്നിന് ക്യാമ്പയിന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കും. ഈ ക്യാമ്പയിനിൽ എല്ലാവരുടെ സഹകരണം മന്ത്രി അഭ്യർത്ഥിച്ചു.

tRootC1469263">

വർധിച്ചുവരുന്ന ജീവിതശൈലി രോഗാതുരത കുറയ്ക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് 'ആരോഗ്യം ആനന്ദം - വൈബ് 4 വെൽനസ്സ്' ക്യാമ്പയിൻ നടപ്പിലാക്കുന്നത്. പ്രായം, ലിംഗം, സാമ്പത്തിക നില എന്നിവയെ പരിഗണിക്കാതെ എല്ലാ വിഭാഗം ജനങ്ങളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. ക്യാമ്പയിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു.

കുട്ടികൾ, സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ, യുവാക്കൾ, മുതിർന്നവർ തുടങ്ങി വിവിധ വിഭാഗം ജനങ്ങളെയും ഫുഡ് വ്‌ളോഗർമാർ, ഭക്ഷ്യ ഉൽപ്പന നിർമ്മാണ വിതരണക്കാർ, ഹോട്ടലുകൾ, ഫിറ്റ്‌നസ് ക്ലബ്ബുകൾ, മറ്റ് കലാകായിക ക്ലബ്ബുകൾ എന്നിവ ലക്ഷ്യമിട്ടും വിവിധ ബോധവൽക്കരണ പരിപാടികൾ ഇതിനോടാനുബന്ധിച്ച് നടത്തുന്നു.

മാറുന്ന ലോകത്ത് സൗകര്യങ്ങൾ വർധിക്കുന്നതനുസരിച്ച് ആരോഗ്യ പ്രശ്‌നങ്ങളും വർധിക്കുകയാണ്. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന സത്യം പലപ്പോഴും നാം മറന്നുപോകുന്നു. ആരോഗ്യ വകുപ്പ് നടത്തിയ വാർഷികാരോഗ്യ പരിശോധനകളിൽ ജീവിതശൈലീ രോഗങ്ങളുടെ വലിയ വർധനവാണ് കാണുന്നത്. ചിട്ടയായ ജീവിതശൈലിയിലൂടെ പല രോഗങ്ങളേയും അകറ്റി നിർത്താനാകും. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് ഈ ക്യാമ്പയിനിന്റെ ലക്ഷ്യം. ഓരോരുത്തരും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിച്ചാൽ, ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കാനാകും.

ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ 10,000 യോഗ ക്ലബ്ബുകൾ, 5416 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ ജനകീയ ആരോഗ്യ ക്ലബ്ബുകൾ എന്നിവ വഴിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, കായിക വകുപ്പ്, യുവജന ക്ഷേമ വകുപ്പ്, വനിത ശിശുവികസന വകുപ്പ് തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചാണ് ക്യാമ്പയിൻ നടത്തുക.

ആരോഗ്യകരമായ ഭക്ഷണ ശീലം, ചിട്ടയായ വ്യായാമം, ശാരീരികക്ഷമത പ്രോത്സാഹിപ്പിക്കുന്ന വിനോദങ്ങൾ, മാനസികാരോഗ്യം, മതിയായ ഉറക്കം, വിശ്രമം ഇവയെല്ലാം ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. സന്തുലിതമായ ആഹാരം തിരഞ്ഞെടുക്കണം. ആഹാരത്തിൽ ഉപ്പിന്റേയും പഞ്ചസാരയുടേയും എണ്ണയുടേയും അളവ് കുറയ്ക്കണം. ദിവസേന കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക, പച്ചക്കറികളും പഴങ്ങളും കൂടുതൽ ഉൾപ്പെടുത്തുക, ജങ്ക് ഫുഡും അമിതമായ പഞ്ചസാരയുടെ ഉപയോഗവും കുറയ്ക്കുക, മതിയായ ഉറക്കം ഉറപ്പാക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക, മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക എന്നിവ നല്ല ആരോഗ്യത്തിന് പ്രധാനമാണ്.

Tags