അംഗൻവാടി കുട്ടികളിൽ ആരോഗ്യ സർവേ ; ബാല്യസ്പന്ദനം പദ്ധതിക്ക് തുടക്കം കുറിച്ച് വനിതാ-ശിശുവികസന വകുപ്പ്

bindu krishna

 തിരുവനന്തപുരം: അംഗൻവാടി കുട്ടികളിലെ പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളും കണ്ടെത്തി പരിഹാര നടപടികൾ ഉറപ്പാക്കാൻ വനിതാ-ശിശുവികസന വകുപ്പ് മൂന്നുമാസം ദൈർഘ്യമുള്ള ബാല്യസ്പന്ദനം പദ്ധതി നടപ്പാക്കുന്നു. ‘ആരോഗ്യമുള്ള ബാല്യം - ശക്തമായ ഭാവി’ എന്ന ലക്ഷ്യത്തോടെ ആരോഗ്യസംരക്ഷണം കൂടുതൽ ശാസ്ത്രീയവും സമഗ്രവുമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം. സംസ്ഥാനത്തെ അംഗൻവാടികളിലെ കുട്ടികളുടെ ആരോഗ്യ-പോഷണ നിലവാരം വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കും.

കുട്ടികളുടെ ഉയരം, ഭാരം, ശരീര അളവുകൾ, പോഷകാഹാര നില എന്നിവ പരിശോധിക്കും. സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തും. ആദ്യഘട്ട പരിശോധന സെപ്റ്റംബർ 20നകം പൂർത്തിയാക്കും.

പ്രത്യേക പരിചരണം ആവശ്യമായ കുട്ടികളെ കണ്ടെത്തിയാൽ തുടർചികിത്സ ഉറപ്പാക്കും. പരിശോധനാ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തും. ആരോഗ്യവിവരങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കും. ഏകോപനത്തിനായി 258 ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർമാർക്ക് നിർദേശം നൽകി. സംസ്ഥാനത്തെ 33,120 അംഗൻവാടികളിലെ കുട്ടികൾക്ക് പ്രയോജനം ലഭിക്കും. ആദിവാസി, പിന്നാക്ക മേഖലകളിൽ പോഷകാഹാരക്കുറവ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പദ്ധതി നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയത്.

Tags