ഭാഷ മനസിലാവാഞ്ഞിട്ടാവും,കേന്ദ്രമന്ത്രി പറഞ്ഞത് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് മനസിലായിട്ടുണ്ടാവില്ല ; പരിഹസിച്ച് സുരേഷ് ഗോപി


കൊടുക്കാനുള്ളത് കേന്ദ്രം കൊടുത്തുവെന്നും സുരേഷ് ഗോപി പറഞ്ഞു
ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ വീണ്ടും പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ കണക്ക് സഹിതമാണ് പറഞ്ഞതെന്നും നിയമ പ്രകാരം ചെയ്യേണ്ടത് കേന്ദ്രം ചെയ്തുവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
കൊടുക്കാനുള്ളത് കേന്ദ്രം കൊടുത്തുവെന്നും സുരേഷ് ഗോപി പറഞ്ഞു. അത് സത്യമാണോയെന്ന് കേരളം അന്വേഷിക്കണം. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അത് ഹാജരാക്കിയില്ലെങ്കില്‍ അടുത്ത ഗഡു നല്‍കില്ല. ആരാണ് കള്ളം പറയുന്നതെന്ന് മാധ്യമങ്ങള്‍ കണ്ടുപിടിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രി പറഞ്ഞത് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് മനസിലായിട്ടുണ്ടാവില്ല. ഭാഷ മനസിലാവാഞ്ഞിട്ടാണ് വീണാ ജോര്‍ജ് കേന്ദ്രത്തിനെതിരെ സംസാരിക്കുന്നതെന്നും സുരേഷ് ഗോപി പരിഹസിച്ചു.
'കേന്ദ്ര ആരോഗ്യമന്ത്രി നേരിട്ട് എനിക്ക് തന്ന പേപ്പര്‍ ആണ് മാധ്യമങ്ങള്‍ക്ക് കൊടുത്തത്. അതിനെ എങ്ങനെ ആണ് അവഹേളിച്ചത് എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.നിയമപ്രകാരം ചെയ്യേണ്ടത് കേന്ദ്രം ചെയ്യുന്നു. കേന്ദ്ര ആരോഗ്യമന്ത്രി പാര്‍ലമെന്റില്‍ കള്ളം പറയുമോ' സുരേഷ് ഗോപി ചോദിച്ചു.