ആശുപത്രി ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയതായി ആരോഗ്യമന്ത്രി

Health Minister says vigilance has been ordered to investigate irregularities in the purchase of hospital equipment

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്തും മറ്റു കാലയളവുകളിലും സർക്കാർ ആശുപത്രികളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേടും പൊതുപണം ദുരുപയോഗവും നടന്നു എന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയെ അറിയിച്ചു. എംഎൽഎ അബിൻ വർക്കി നൽകിയ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പൊതുപണം ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളിൽ ഭൂരിഭാഗവും ഗുണനിലവാരം കുറഞ്ഞവയാണെന്നും ദീർഘകാലമായി ഉപയോഗിക്കാതെ കിടക്കുകയാണെന്നും കാണിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

വിഷയം പരിശോധിക്കാൻ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഉപകരണങ്ങൾ വാങ്ങേണ്ടതിന്റെ ആവശ്യകത, ഗുണനിലവാരം, പ്രവർത്തനസജ്ജമാക്കുന്നതിലെ കാലതാമസം, ദീർഘകാലം ഉപയോഗിക്കാതിരുന്നതിന്റെ കാരണങ്ങൾ, ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം എന്നിവയാണ് സംഘം പരിശോധിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ അവ വിശദമായി പരിശോധിച്ചു വരികയാണെന്നും മന്ത്രി കൂട്ടിചേർത്തു.

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് (കെഎംഎസ്‌സിഎൽ) വഴി ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ച രണ്ട് ഓക്സിജൻ പ്ലാന്റുകൾ പൂർണമായി പ്രവർത്തനസജ്ജമായിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ കോട്ടയം, മഞ്ചേരി, കണ്ണൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാതെ കിടക്കുകയാണ്. വയനാട്, എറണാകുളം ജില്ലകളിലെ ആരോഗ്യകേന്ദ്രങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭാവിയിൽ ഇത്തരം വീഴ്ചകൾ തടയാനും പൊതുപണം പാഴാകുന്നത് ഒഴിവാക്കാനും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

Tags