ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് ഇ.എസ്.ഐ പരിരക്ഷ ഉറപ്പാക്കും: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് ഇ.എസ്.ഐ ആനുകൂല്യം ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. സർക്കാർ മെഡിക്കൽ കോളേജുകളിലും മറ്റ് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്.ഡി.എസ്), ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) എന്നിവ മുഖേന നിയമിച്ചിരിക്കുന്ന താത്കാലിക ജീവനക്കാർക്കാണ് ആനുകൂല്യം ലഭ്യമാകുക. ഇ.എസ്.ഐ ആനുകൂല്യം ഉറപ്പാക്കുന്നതിലൂടെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ചികിത്സാ സുരക്ഷയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
ഇ.എസ്.ഐ ആരോഗ്യവകുപ്പിന് കീഴിലെ എല്ലാ സ്ഥാപനങ്ങളിലും ഒരേ രീതിയിൽ നടപ്പാക്കപ്പെടുന്നില്ലെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ചില സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ എച്ച്.ഡി.എസ് മുഖേന നിയമിച്ച ജീവനക്കാരുടെ നിർബന്ധിത ഇ.എസ്.ഐ വിഹിതം കൃത്യമായി അടയ്ക്കുന്നില്ലെന്നും ഇത് നിയമപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും കണ്ടെത്തിയിരുന്നു.
ഇതേ തുടർന്നാണ് ജീവനക്കാർക്ക് ഗുണകരമായ ഇ.എസ്.ഐ പരിരക്ഷ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകിയത്. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ എച്ച്.ഡി.എസ്, എച്ച്.എം.സി മുഖേന ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരിൽ ഇ.എസ്.ഐ നിയമത്തിന്റെ പരിധിയിൽ വരുന്ന എല്ലാവരെയും പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും, നിശ്ചിത വിഹിതം മുടക്കമില്ലാതെ അടയ്ക്കുന്നതിനും അടിയന്തര നടപടിയെടുക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുന്ന ജീവനക്കാരുടെ വിവരശേഖരണം നടത്തി റിപ്പോർട്ട് നൽകാനും നിർദ്ദേശം നൽകി.
നിലവിലെ ഇ.എസ്.ഐ രജിസ്‌ട്രേഷന്റെ സ്ഥിതി, പദ്ധതിയുടെ പരിധിയിൽ വരുന്ന അർഹരായ ജീവനക്കാരുടെ എണ്ണം, നിലവിൽ പദ്ധതിയിൽ ഉൾപ്പെടാത്ത ജീവനക്കാരുടെ എണ്ണം, അർഹരായവർക്ക് ഇ.എസ്.ഐ ഉറപ്പാക്കാത്തതിന്റെ കാരണം, കുടിശിക വരുത്തിയിട്ടുള്ള സ്ഥാപനങ്ങളുടെ വിവരം എന്നിവ അടങ്ങുന്ന സമഗ്രമായ റിപ്പോർട്ട് എത്രയും വേഗം ലഭ്യമാക്കാനാണ് നിർദ്ദേശം.ഭാവിയിൽ വീഴ്ചകളില്ലാതെ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ ഓരോ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വം നിശ്ചയിച്ച് നൽകണമെന്നും മന്ത്രി നിർദേശിച്ചു.
.jpg)

