ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ കെ ജെ റീനയുടെ സ്ഥലംമാറ്റം ; സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഇന്ന് വിധിയറിയാം
കേസില്‍ സര്‍ക്കാരിന്റെയും എതിര്‍ഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ കേട്ട ശേഷമാണ് കോടതി വിധി പറയാനായി മാറ്റിവെച്ചത്.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ (ഡി എച്ച് എസ്) ഡോക്ടര്‍ കെ ജെ റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഇന്ന് വിധിയറിയാം. ഇന്നലെ വിശദമായ വാദം കേട്ട ഹൈക്കോടതി ഇന്ന് വിധി പറയാനായി അപ്പീല്‍ മാറ്റുകയായിരുന്നു.
കേസില്‍ സര്‍ക്കാരിന്റെയും എതിര്‍ഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ കേട്ട ശേഷമാണ് കോടതി വിധി പറയാനായി മാറ്റിവെച്ചത്. ഡി എച്ച് എസ് സ്ഥാനത്ത് ഡോ. റീന മൂന്ന് വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫെബ്രുവരിയില്‍ ഇവരുടെ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചതാണെന്നും അത് നീട്ടി നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കൂടാതെ ഡോക്ടര്‍ റീനയെ തരം താഴ്ത്തിയിട്ടില്ല. സമാനമായ പദവി തന്നെയാണ് നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് ഡയറക്ടറെ മാറ്റി നിയമിച്ചതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. എന്നാല്‍ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കേണ്ടത് ട്രൈബ്യൂണല്‍ ആണെന്നും, ഇടക്കാല ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമുണ്ടോയെന്ന് മാത്രമേ പരിശോധിക്കുകയുള്ളുവെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാരുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും റീനയെ പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മാറ്റിയത്. റീനയുടെ സ്ഥലം മാറ്റ ഉത്തരവ് സ്റ്റേ ചെയ്ത ട്രൈബ്യൂണല്‍ ഉത്തരവിനെതിരായ അപ്പീല്‍ സര്‍ക്കാരിനെയും ആരോഗ്യ വകുപ്പിനെയും മന്ത്രിയേയും സംബന്ധിച്ച് നിര്‍ണായകമാണ്.
.jpg)

