നിപ കണ്‍ട്രോള്‍ റൂമില്‍ 'കയറ്റിയില്ല; മുഹമ്മദ് റിയാസിന് അനുമതി നൽകാതെ ആരോഗ്യവകുപ്പ്
കോഴിക്കോട്: നിപ കണ്‍ട്രോള്‍ റൂമില്‍ കയറ്റിയില്ലെന്ന് ആരോപിച്ച് സിപിഎം നേതാവും ബേപ്പൂര്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെ പ്രതിഷേധം. മുന്‍കാലങ്ങളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ആശ്വസിപ്പിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും അനുവദിച്ചിരുന്നു. എന്നാല്‍ ഇത്തവണ എന്തുകൊണ്ട് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെ ഫോണ്‍ വിളിച്ച് ആശ്വസിപ്പിക്കാന്‍ അനുവദിക്കുന്നില്ല എന്ന ചോദ്യം ഉന്നയിച്ച് കണ്‍ട്രോള്‍ റൂമിന് മുന്നില്‍ കുത്തിയിരുന്നാണ് റിയാസ് പ്രതിഷേധിച്ചത്. ഒടുവില്‍ നിപ കണ്‍ട്രോള്‍ റൂമില്‍ എംഎല്‍എയെ പ്രവേശിപ്പിക്കാന്‍ അനുവദിച്ചെങ്കിലും സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ഫോണ്‍ ചെയ്യാന്‍ അനുവദിച്ചില്ല.
ഇന്ന് രാവിലെയാണ് സംഭവം. കണ്ടെയ്ന്‍മെന്റ് സോണ്‍ രൂപീകരിക്കണമെന്നും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഹമ്മദ് റിയാസ് കോഴിക്കോട്ടെ നിപ കണ്‍ട്രോള്‍ റൂമില്‍ എത്തിയത്. എന്നാല്‍ നിപ കണ്‍ട്രോള്‍ റൂമില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നാണ് മുഹമ്മദ് റിയാസിന്റെ ആരോപണം. തുടര്‍ന്ന് നിപ കണ്‍ട്രോള്‍ റൂമിന് മുന്നില്‍ മുഹമ്മദ് റിയാസ് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. നിപ കണ്‍ട്രോള്‍ റൂമില്‍ കയറാന്‍ മുന്‍കാലങ്ങളിലും ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു.
'എനിക്ക് കേള്‍ക്കണമല്ലോ. സമൂഹത്തിന്റെ ആവശ്യമല്ലേ. മറച്ചുവെയ്‌ക്കേണ്ട ആവശ്യം എന്താണ്? രോഗിയെ വിളിക്കണമെന്നല്ലല്ലോ പറയുന്നത്. അവിടെ കണ്ടെയ്ന്‍മെന്റ് സോണിലുള്ള ജനങ്ങളോട് അവിടത്തെ ജനപ്രതിനിധി സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി ഇരുന്ന് കൊണ്ട് നിങ്ങള്‍ ധൈര്യമായി ഇരിക്കണം. ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ഉണ്ട് എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? മുന്‍കാലങ്ങളില്‍ ചെയ്തതല്ലേ.'- മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോട് ജില്ലയുടെ ചുമതല മുഹമ്മദ് റിയാസിനായിരുന്നു.
പ്രതിഷേധത്തിന് ഒടുവില്‍ നിപ കണ്‍ട്രോള്‍ റൂമിനകത്തയേക്ക് മുഹമ്മദ് റിയാസിനെ കയറ്റി. എന്നാല്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ഫോണ്‍ ചെയ്യാന്‍ അനുവദിച്ചില്ല. അനുമതി നല്‍കാനാവില്ലെന്ന് ആരോഗ്യവകുപ്പ് എംഎല്‍എയെ അറിയിച്ചു. അതിനിടെ ആരോഗ്യമന്ത്രി കെ മുരളീധരനെ മുഹമ്മദ് റിയാസ് ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. എന്നാല്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ മുഖേന ആരോഗ്യമന്ത്രി അറിയിച്ചതോടെ മുഹമ്മദ് റിയാസ് ഇറങ്ങിപ്പോയി.
മുന്‍ കാലങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ വിളിക്കാനും ആശ്വസിപ്പിക്കാനും സാധിച്ചിരുന്നു. നിപ ബാധിത മേഖലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കും. അതുകൊണ്ട് അവര്‍ക്ക് ആശ്വാസം നല്‍കുക, സമാധാനിപ്പിക്കുക എന്നത് എല്ലാവരുടെ ഉത്തരവാദിത്തമാണ്. എന്തുകൊണ്ട് അനുവദിക്കുന്നില്ല എന്നതാണ് റിയാസിന്റെ പ്രധാന ചോദ്യം. കഴിഞ്ഞ തവണ അനുവദിച്ചതാണ്. ഇപ്പോള്‍ അനുവദിക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് റിയാസ് മുഖ്യമായി ചോദിച്ചത്. തുടര്‍ന്ന് കലക്ടറുമായി സംസാരിച്ച ശേഷമാണ് മന്ത്രിയുമായി ഫോണില്‍ സംസാരിച്ചത്.
.jpg)

