തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപിയുടെ പ്രകോപനപരമായ മാർച്ച് ; ശക്തമായി പ്രതിരോധിക്കുമെന്ന് സണ്ണി ജോസഫ്

The delay in the Chief Minister's decision has tarnished his image: Sunny Joseph

 ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ സമരത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടന്ന ഈ മാർച്ച് തികച്ചും പ്രകോപനപരവും രാഷ്ട്രീയ പ്രഹസനവുമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ശക്തമായി വിമർശിച്ചു. വിദ്യാർത്ഥികളുടെ ന്യായമായ സമരത്തിന് നേരെയും അതിന് പിന്തുണ നൽകിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരെയും കേന്ദ്രസേനയും ദില്ലി പൊലീസും നടത്തിയ അതിക്രമങ്ങളുടെ ജാള്യത മറയ്ക്കാനാണ് ബിജെപി ഇത്തരം സമരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും അത് സംഘർഷ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ലൈസൻസല്ലെന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു. കേരളത്തിലെ സമാധാനപരമായ രാഷ്ട്രീയ സംസ്കാരം തകർക്കാനുള്ള നീക്കങ്ങളെ കോൺഗ്രസ് ജനാധിപത്യ രീതിയിൽ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്തെ കെപിസിസി ഓഫീസിലേക്ക് രാവിലെ നടത്തിയ മാർച്ചിനിടയിൽ പ്രവർത്തകരെ തടയാൻ ശ്രമിച്ച പോലീസ് സംഘം ജലപീരങ്കി പ്രയോഗിക്കുകയുണ്ടായി. പ്രതിഷേധത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നേരെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിൽ പങ്കെടുത്ത ഒരു വനിതാ പ്രവർത്തകയെ പോലീസ് മുഖത്തടിച്ചതായി ബിജെപി നേതൃത്വം ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ജനാധിപത്യം അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും, ദില്ലിയിലേത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

Tags