ഫാത്തിമ ഷഹദ ആവശ്യപ്പെട്ടിട്ടാണ് അവന്‍ കൂടെ പോയത്, വീട്ടില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞു ; പെണ്‍കുട്ടികളുടെ കൂടെ പോയ യുവാവിന്റെ കുടുംബം


ഇന്‍സ്റ്റഗ്രാം വഴിയാണ് റഹീം ഫാത്തിമ ഷഹദയെ പരിചയപ്പെട്ടത്.
താനൂരില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ പെണ്‍കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന യുവാവിന്റെ കുടുംബം പ്രതികരിച്ചു. ഫാത്തിമ ഷഹദ ആവശ്യപ്പെട്ടിട്ടാണ് യുവാന് ഒപ്പം പോയതെന്നാണ് എടവണ്ണ സ്വദേശിയായ അക്ബര്‍ റഹീമിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഇന്‍സ്റ്റഗ്രാം വഴിയാണ് റഹീം ഫാത്തിമ ഷഹദയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും, കുടുംബത്തോടൊപ്പം തുടരാന്‍ കഴിയില്ലെന്നും ഷഹദ പറഞ്ഞു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോള്‍ യുവാവ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ സഹായിച്ചാലും ഇല്ലെങ്കിലും താന്‍ പോകുമെന്ന് ഫാത്തിമ ഷഹദ പറഞ്ഞുവെന്നും റഹീമിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് റഹീം കൂടെ പോയതെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇന്നലെ രാവിലെയാണ് റഹീം എടവണ്ണയിലെ വീട്ടില്‍ നിന്നിറങ്ങിയതെന്നും ഇവര്‍ പറഞ്ഞു. മുംബൈയിലേക്ക് പോകാനുള്ള കുട്ടികളുടെ പ്ലാന്‍ മനസ്സിലാക്കിയതോടെ റഹീം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. റഹീമിനും മുംബൈയിലേക്കുള്ള ടിക്കറ്റുകള്‍ എടുത്തു നല്‍കിയത് കുട്ടികളാണ്.
മൂവരും മുംബൈയില്‍ ട്രെയിനിറങ്ങിയപ്പോഴാണ് കേരളത്തില്‍ ഇതൊരു വലിയ വാര്‍ത്തയായി മാറിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും മനസിലായതെന്നും നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് യുവാവ് പിന്നീട് അറിയിച്ചത്. ഇതിന് വിസമ്മതിച്ച കുട്ടികള്‍ പിന്നീട് തന്റെ അടുത്ത് നിന്ന് പോയെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാത്രി തന്നെ റഹീം ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങിയിട്ടുണ്ട്.