പ്രീ-സ്കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തേക്ക് ഇറങ്ങി; രണ്ടു വയസ്സുകാരന് രക്ഷകരായി ലോറി ജീവനക്കാര്‍
മിനി ലോറി ഡ്രൈവറുടെ ജാഗ്രതയാണ് ദുരന്തം ഒഴിവാക്കിയത്. തോട്ടുമുഖത്തു നിന്ന് എടയപ്പുറത്തേക്ക് പോകുന്ന തിരക്കേറിയ റോഡിലാണ് സംഭവം.
ആലുവ: പ്രീ-സ്കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങി തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടു വയസ്സുകാരന് അത്ഭുതരക്ഷ.ആലുവ-എടയപ്പുറം റോഡില്‍ ഇന്നലെ 10.30-ന് ആയിരുന്നു സംഭവം. മിനി ലോറി ഡ്രൈവറുടെ ജാഗ്രതയാണ് ദുരന്തം ഒഴിവാക്കിയത്. തോട്ടുമുഖത്തു നിന്ന് എടയപ്പുറത്തേക്ക് പോകുന്ന തിരക്കേറിയ റോഡിലാണ് സംഭവം.
റോഡരികില്‍ പ്രവർത്തിക്കുന്ന പ്രീ-സ്കൂളില്‍ നിന്ന് കുട്ടി ഗേറ്റിലൂടെ പുറത്തുകടന്ന് റോഡിലേക്ക് ഓടിയെത്തുകയായിരുന്നു. ഈസമയം അതുവഴി വന്ന മിനി ലോറിയുടെ ഡ്രൈവർ കുട്ടിയെ കണ്ടു.ഉടൻ ഹോണ്‍ മുഴക്കുകയും വാഹനം നിർത്തുകയും ചെയ്തു. തുടർന്ന് വാഹനത്തില്‍ നിന്ന് ഓടിയിറങ്ങിയ ഡ്രൈവറും ക്ലീനറും ചേർന്ന് കുട്ടിയെ സുരക്ഷിതമായി റോഡില്‍ നിന്നെടുത്തു.
ഹോണ്‍ മുഴക്കി സമീപവാസികളെ കൂട്ടിയ ശേഷം ബന്ധപ്പെട്ടവരെ വിവരം അറിയിച്ച് കുട്ടിയെ സുരക്ഷിതമായി കൈമാറി.കുട്ടി സ്കൂളില്‍ നിന്ന് പുറത്തുപോയ കാര്യം അധികൃതർ അറിഞ്ഞില്ല. സ്കൂളില്‍ പെയിന്റിങ് ജോലികള്‍ നടക്കുന്നതിനാലാണ് ഗേറ്റ് തുറന്നുകിടന്നതെന്നാണ് അധികൃതർ പറയുന്നത്.
.jpg)

